ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് സബ്‌സിഡിയറി ബാങ്കുകളെയും ഭാരതീയ മഹിളാബാങ്കിനെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടന്‍. പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ അവലോകനയോഗത്തിനുശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്.ബി.ഐയുടെ ലയനനിര്‍ദേശം സര്‍ക്കാറിന് മുമ്പാകെയുണ്ട്.
കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് ബാങ്കുകള്‍ക്ക് നിയമപരമായി കൂടുതല്‍ അധികാരം നല്‍കുന്നതിനുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പൊതുമേഖലാ ബാങ്കുകള്‍ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം 1.40 ലക്ഷം കോടി രൂപയുടെ പ്രവര്‍ത്തനലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും കിട്ടാക്കടം പ്രതിസന്ധിയായി തുടരുകയാണ്. കഴിഞ്ഞവര്‍ഷം 18,000 കോടിയുടെ സഞ്ചിതനഷ്ടമാണ് ഉണ്ടായത്.
പൊതുമേഖലാ ബാങ്കുകളുടെ മൂലധനാടിത്തറ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ സാമ്പത്തികസഹായം ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 25,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സഹായം നല്‍കും.
കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച ചര്‍ച്ചക്കുപുറമെ, ദുര്‍ബല വിഭാഗങ്ങളെ സാമ്പത്തികമായി ഉള്‍ച്ചേര്‍ക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതിയും യോഗം വിലയിരുത്തി. സ്റ്റാന്‍ഡ് അപ് ഇന്ത്യ, മുദ്ര, വ്യവസായ വായ്പ തുടങ്ങിയ പദ്ധതികളാണ് അവലോകനം ചെയ്തത്.
Post Your Comments