ബാങ്കോക്ക്: മദ്ധ്യതായ്ലണ്ടിലെ കാഞ്ചനാബുരി പ്രവിശ്യയിലുള്ള ബുദ്ധക്ഷേത്രത്തില്‍ നിന്ന്‍ 40-ഓളം കടുവക്കുഞ്ഞുങ്ങളുടെ ഫ്രീസറില്‍ വച്ച നിലയിലുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തില്‍ പുരോഗതി. കഴിഞ്ഞ 6-ദിവസം കൊണ്ട് ക്ഷേത്ര കൊമ്പൌണ്ടില്‍ കണ്ടെത്തിയ 137-കടുവകളേയും വിജയകരമായി മാറ്റിപ്പാര്‍പ്പിച്ചു. സംഭവത്തില്‍ 3 ബുദ്ധ സന്യാസിമാരുള്‍പ്പെടെ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പശ്ചിമ തായ്ലണ്ടിലെ റാച്ചാബുരി പ്രവിശ്യയിലുള്ള പരിപാലനകേന്ദ്രത്തിലേക്കാണ് കടുവകളെ മാറ്റിയിരിക്കുന്നത്. ക്ഷേത്രാധികൃതരുടെ എതിര്‍പ്പിനേയും, ചൂടുള്ള കാലാവസ്ഥയേയും അതിജീവിച്ചാണ് കടുവകളെ മാറ്റിപ്പാര്‍പ്പിച്ചത്.
തായ്ലണ്ടില്‍ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയുള്ള ഇന്‍ഡോ-ചൈനീസ് കടുവകളെ ആരോഗ്യനില തൃപ്തികരമാകുന്നതിനനുസരിച്ച് കാടിനുള്ളിലേക്ക് തുറന്നുവിടും. പക്ഷേ, ബംഗാള്‍ കടുവകളെ പരിപാലനകേന്ദ്രത്തില്‍ തന്നെ നിലനിര്‍ത്തും.
ക്ഷേത്രത്തില്‍ കണ്ടെത്തിയ മയിലുകള്‍, മാനുകള്‍, കാട്ടുപന്നികള്‍ എന്നിവയേയും പരിപാലനകേന്ദ്രങ്ങളിലേക്ക് മാറ്റും. ബുധ്നാഴ്ച ഫ്രീസറില്‍ വച്ച നിലയില്‍ കണ്ടെത്തിയ 40 കടുവക്കുഞ്ഞുങ്ങള്‍ക്ക് പുറമേ ഭരണികളിലെ രാസലായനിയില്‍ ഇട്ടുവച്ച നിലയില്‍ കുഞ്ഞുങ്ങളും, മൃഗങ്ങളുടെ അവയവങ്ങളും ഇന്നലെ നടന്ന പരിശോധനയില്‍ കണ്ടെടുക്കപ്പെട്ടു.
Post Your Comments