കോട്ടയം : കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കന്മാര്ക്ക് തമിഴ്നാട്ടില്‍ വന്‍ ഭൂനിക്ഷേപം ഉള്ളതായി റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ 1000 ഏക്കര്‍ വരെ ഭൂമിയുള്ള നേതാക്കള്‍ കേരളത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം ഒഴുകുന്ന വിവിധ പ്രദേശങ്ങളില്‍ കേരളത്തിലെ ഉന്നതര്‍ ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ട്. തെങ്ങിന് തോപ്പുകളും മുന്തിരി തോപ്പുകളുമാണ് ഇവയിലേറെയും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചാല്‍ തമിഴ്നാട്ടില്‍ വന്‍ നിക്ഷേപം ഉള്ള കേരള നേതാക്കന്മാരുടെ പേരുകള്‍ പുറത്തു വിടുമെന്നാണ് ഭീഷണി.
നിലവിലെ ഭരണ കക്ഷി നേതാക്കന്മാര്, മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് കൃഷി നടത്തുന്ന ഭാഗത്ത് ഭൂമിയുണ്ട്. ഇത് സംബന്ധിച്ച് കണക്കുകള്‍ ശേഖരിക്കാന്‍ തേനി, മധുര, രാമനാഥപുരം, ശിവഗംഗ, ദിണ്ടുക്കല്‍ എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. സ്വത്ത് വിവരങ്ങള്‍ പുറത്തു വിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഭീഷണി മുഴക്കിയതോടെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തില്‍ നേരത്തെ സമരരംഗത്ത് ഉണ്ടായിരുന്ന പല നേതാക്കന്മാരും പതിയെ പിന്മാറിയത്.
കൊടൈക്കനാലിലെ മലയാളിയായ മുന്‍ കേന്ദ്രമന്ത്രിയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് വന്‍ തോതിലാണ് ഭൂമി വാങ്ങി കൂട്ടിയിട്ടുള്ളത്. ഇതിന് പുറമേ മറ്റൊരു മുന്‍ മന്ത്രി 200 ഏക്കറോളം മുന്തിരി തോട്ടം ബന്ധുക്കളുടെ പേരില്‍ വാങ്ങിയത് വിവാദമായിരുന്നു. ഇത്തരം നേതാക്കന്മാരെ കണക്കെടുപ്പ് നടത്തി വിരട്ടിയും ഒതുക്കിയും നിര്‍ത്തി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്നും മേല്‍ക്കൈ നേടാം എന്നാണ് തമിഴ്നാടിന്റെ കണക്കു കൂട്ടല്‍.
Post Your Comments