Kerala

മൂവായിരത്തോളം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും

തിരുവനന്തപുരം● സംസ്ഥാനത്തെ അധ്യാപക തസ്തിക നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തൊട്ടാകെ മൂവായിരത്തോളം അധ്യാപകര്‍ക്കു ജോലി നഷ്ടമാവും. ഏറ്റവും കൂടുതല്‍ അധ്യാപകര്‍ക്കു ജോലി നഷ്ടപ്പെടുന്നത് എറണാകുളം ജില്ലയിലാണ്- 500. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സംസ്ഥാനത്ത് അധ്യാപക തസ്തിക നിര്‍ണയം മുടങ്ങി കിടക്കുകയായിരുന്നു. അധ്യാപക പാക്കെജുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അധ്യാപക തസ്തിക നിര്‍ണയം നടന്നത്.

തസ്തിക നഷ്ടപ്പെട്ട അധ്യാപകര്‍ക്കു ജൂണ്‍ മുതല്‍ ശമ്പളം ലഭിക്കില്ല. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള അധ്യാപര്‍ക്കാണു ജോലി നഷ്ടപ്പെട്ടിട്ടുള്ളത്. പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നതിനു മുന്‍പായാണ് അധ്യാപകരുടെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നത്.45 വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതത്തിലായിരുന്നു മുന്‍പു തസ്തിക നിര്‍ണയിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമ പ്രകാരവും ഹൈക്കോടതി ഉത്തരവും അനുസരിച്ച്‌ എല്‍പി സ്കൂളില്‍ 1:30, യുപി സ്കൂളില്‍ 1:35 എന്ന അനുപാതത്തിലാണു തസ്തിക നിര്‍ണയം നടത്തിയത്.

ഇപ്പോള്‍ അധ്യാപക തസ്തിക നിര്‍ണയം പൂര്‍ത്തിയായ 11 ജില്ലകളില്‍ 2200 എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെട്ടു.ഏറ്റവും കൂടുതല്‍ എയ്ഡഡ് സ്കൂളുകളുള്ളത് തിരുവനന്തപുരത്തും മലപ്പുറത്തുമാണ്.തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ തസ്തിക നിര്‍ണയമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. അതിനാല്‍ ജോലി നഷ്ടപ്പെടുന്ന അധ്യാപകരുടെ എണ്ണം മൂവായിരം കടക്കുമെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button