മലപ്പുറം: മലപ്പുറത്തെ തിരൂരില്‍ നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ചേലമ്പ്രയിലെ ബന്ധുവീട്ടില്‍ നിന്നും രണ്ടാഴ്ച മുമ്പ് തട്ടിക്കൊണ്ടു പോയ കേസില്‍ യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം അജ്മീറില്‍ നിന്നാണ് പെണ്‍കുട്ടിയെയും മറ്റു മൂന്നുപേരെയും പോലീസ് കണ്ടെത്തിയത്. പ്രതികളെയും പെണ്‍കുട്ടിയെയും പോലീസ് ഇന്ന് നാട്ടിലെത്തിച്ചു. പ്രതികളെ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും.വിവാഹം കഴിക്കാന്‍ വേണ്ടിത്തന്നെയാണ് യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്നാണു കരുതപ്പെടുന്നത്. ഈ മാസം പതിനൊന്നാം തീയതി തിരൂര്‍ സ്വദേശി പുന്നെക്കാട്ട് ബാബുവിന്‍റെ മകള്‍ ധനശ്രീയെ ചേലമ്പ്ര കോളക്കോട്ട് ചാലിയിലെ അമ്മാവന്‍റെ വീട്ടില്‍ നിന്നാണ് കാണാതായത്. താമരശ്ശേരി തവര കുന്നുമ്മല്‍ അബ്ദുസമദിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. ഈ വിവരങ്ങള്‍ സൂചിപ്പിച്ച് ബന്ധുക്കള്‍ തേഞ്ഞിപ്പാലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരികെയാണ് പെണ്‍കുട്ടിയെ അജ്മീറില്‍ നിന്നും കണ്ടെത്തിയത്.
സൈബര്‍ സെല്ലുമായി സഹകരിച്ച് മലപ്പുറം ഡി.വൈ.എസ.പി നടത്തിയ അന്വേഷണത്തില്‍ ആണ് രാജസ്ഥാനിലെ അജ്മീറില്‍ വെച്ച് പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘത്തെയും പിടികൂടിയത്. താമരശ്ശേരി സ്വദേശികളായ കവരകുന്നുമ്മല്‍ അബ്ദുസമദ് (19) പി.വി മുഹമ്മദ് ഷാഫി (23) രഹന റംഷീദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ അന്വേഷണ സംഘം വിമാന മാര്‍ഗ്ഗം ഇന്നലെ രാത്രി എട്ടു മണിയോടെ മലപ്പുറത്ത് എത്തിച്ചു. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത് രഹനയാണ്. ഷാഫിയുടെ സഹായത്തോടെയാണ് സമദ് കാര്‍ വാടകയ്ക്ക് വിളിച്ചതും പോയതും. യാത്രയില്‍ ഒരിടത്തും ഇവര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇത് ഇവരെ കണ്ടെത്തുന്നതിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനിടെ കൈവശം ഉണ്ടായിരുന്ന ഫോണ്‍ സംഘം ഹൈദരാബാദില്‍ വില്‍ക്കുകയും ചെയ്തിരുന്നു.
കെട്ടിടം പണിക്കാരനായ സമദ് ജോലി ആവശ്യാര്‍ത്ഥം പെണ്‍കുട്ടിയുടെ തിരൂരിലെ വീടിനടുത് എത്തിയപ്പോള്‍ ആണ് ഇരുവരും പരിചയപ്പെടുന്നത്. ജോലിക്കെത്തിയ സമദ് പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആവുകയും വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടു പോവുകയും ചെയ്തെന്നാണ് പരാതി. താമരശ്ശേരി സ്വദേശി ആണ് അബ്ദുസമദ്. പരാതി ലഭിച്ച ദിവസം തന്നെ പോലീസ് വയനാട്, താമരശേരി എന്നിവിടങ്ങളില്‍ തകൃതിയായി അന്വേഷണം നടത്തിയിരുന്നു. ഇവര്‍ കേരളം വിട്ടെന്ന് മനസ്സിലാക്കിയ പോലീസ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘവും രൂപീകരിച്ചിരുന്നു.
ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നേരിട്ട് പോയ് വിശദമായി അന്വേഷിച്ചെങ്കിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരുന്നതിനാല്‍ കണ്ടെത്താന്‍ ആയില്ല. പെണ്‍കുട്ടിയെ കാണാതായത് മുതല്‍ പോലീസ് അബ്ദുസമദിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളുടെയും ഫോണ്‍കോളുകള്‍ നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം അബ്ദുസമദിന്റെ മാതാവിന് വന്ന ഫോണ്‍ കോളിന്റെ വിശദാംശം പരിശോധിച്ചപ്പോള്‍ ആണ് ഇവര്‍ അജ്മീറില്‍ ഉണ്ടെന്നു പോലീസിനു വ്യക്തമായത്. തുടര്‍ന്ന് തേഞ്ഞിപ്പാലം പോലീസ് അജ്മീര്‍ പോലീസുമായി ബന്ധപ്പെടുകയും നാലുപേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Post Your Comments