Kerala

വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ പോലീസ് മേധാവിയുടെ കര്‍ശന നടപടിക്കു വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാമേധാവികള്‍ക്കും കൈമാറി

തിരുവനന്തപുരം ● പുതിയ അധ്യായനവര്‍ഷാരംഭത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. അപകടങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക, കുട്ടികളെ ദുസ്വാധീനത്തില്‍പ്പെടുത്താന്‍ ഇടയുള്ള പുകയില ഉല്പന്നങ്ങള്‍, ലഹരി വസ്തുക്കള്‍ എന്നിവയുടെ ലഭ്യത പൂര്‍ണമായും ഇല്ലായെന്ന് ഉറപ്പു വരുത്തുക, പെണ്‍കുട്ടികളുടെ സുരക്ഷ പ്രത്യേകം ഉറപ്പു വരുത്തുക എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ്‌ പോലീസ് മേധാവിയുടെ നിര്‍ദ്ദേശം.

ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

മദ്ധ്യവേനലവധിയ്ക്കു ശേഷം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ മാസം മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. അപകടങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക, കുട്ടികളെ ദുസ്വാധീനത്തില്‍പ്പെടുത്താന്‍ ഇടയുള്ള പുകയില ഉല്പന്നങ്ങള്‍, ലഹരി വസ്തുക്കള്‍ എന്നിവയുടെ ലഭ്യത പൂര്‍ണമായും ഇല്ലായെന്ന് ഉറപ്പു വരുത്തുക, പെണ്‍കുട്ടികളുടെ സുരക്ഷ പ്രത്യേകം ഉറപ്പു വരുത്തുക എന്നിവയാണ് പോലീസ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് സ്‌ക്കൂള്‍ പരിസരങ്ങളില്‍ പ്രത്യേകമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതും, കുട്ടികള്‍ അപകടത്തില്‍പ്പെടാതിരിക്കുവാന്‍ ട്രാഫിക് ഡ്യൂട്ടിയ്ക്കായി പോലീസുദ്യോഗസ്ഥരെ നിയോഗിക്കേണ്ടതുമാണ്.

വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന് വില്പന, ഉപഭോഗം, കൈമാറ്റം, വെള്ളം കൊണ്ടുവരുന്ന കുപ്പികളില്‍ ലഹരിപാനീയങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കില്‍ കണ്ടെത്തുക എന്നീ നിയമവിരുദ്ധ പ്രവൃത്തികള്‍ ഇല്ലായ്മ ചെയ്യുന്നതിനായി കര്‍ശനമായ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തേണ്ടതും, മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഇതിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് (ANS), ഷാഡോ പോലീസ് എന്നിവയുടെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്.

സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുമായി വരുന്ന വാഹനങ്ങള്‍ മോട്ടോര്‍ വാഹനചട്ടപ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതും, വാഹനങ്ങളില്‍ കുട്ടികളെ നിയമവിരുദ്ധമായി കുത്തിനിറച്ച് കൊണ്ടുപോകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. അത്തരം നിയമവിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. വിദ്യാര്‍ത്ഥികളുമായി വരുന്ന വാഹനങ്ങള്‍ ദീര്‍ഘനേരം റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്നത് ട്രാഫിക് തടസം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സ്‌ക്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് സ്‌ക്കൂള്‍ പരിസരത്തുതന്നെ സൗകര്യപ്രദമായ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്. ക്‌ളാസുകളില്‍ കയറാതെ കറങ്ങിനടക്കുന്ന കുട്ടികളുണ്ടെങ്കില്‍ അവരെ കണ്ടെത്തി ടി വിവരം മാതാപിതാക്കളെയും, സ്‌ക്കൂള്‍ അധികൃതരെയും അറിയിക്കുന്നതിനായി ഷാഡോ പോലീസിന്റെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.

shortlink

Post Your Comments


Back to top button