NewsIndia

വാട്ട്‌സ്ആപ്പിലെ ‘സ്വര്‍ണ്ണതട്ടിപ്പ്’ : ഉപയോക്താക്കള്‍ കരുതിയിരിക്കുക

മുംബൈ: വാട്ട്‌സ്ആപ്പിന്റെ ഗോള്‍ഡന്‍ കെണിയില്‍ വീഴുന്നതില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്. ടെക് ലോകത്ത് അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായിട്ടുള്ള വാര്‍ത്തകളിലൊന്നുകൂടിയാണ് ഇത്. നിലവിലുള്ള വാട്‌സ് ആപ് അപ്‌ഗ്രേഡ് ചെയ്താല്‍ വാട്‌സ്ആപ്പ് ഗോള്‍ഡിലേക്ക് മാറാമെന്നും വാട്ട്‌സ്ആപ്പ് പുറത്തിറക്കുന്ന പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തായെന്നുമുള്ള തരത്തിലാണ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചിട്ടുള്ള മെസേജ്.

ഒരു മില്യണിലധികം സജീവ ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പില്‍ നിന്ന് തട്ടിപ്പുകാര്‍ ഇതില്‍ നിന്നും ലാഭമുണ്ടാക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഗോള്‍ഡ് എന്നാണ് ടെക് ലോകം പറയുന്നത്. എന്നാല്‍ പ്രചരിച്ചുകൊണ്ടിരുന്ന മെസേജുകള്‍ വ്യാജമാണെന്ന് പിന്നീടാണ് മനസ്സിലായിട്ടുള്ളത്. വീഡിയോ കോളിംഗ് ഉള്‍പ്പെടെയുള്ള പല ഫീച്ചറുകള്‍, തെറ്റി അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും, ഒരേ സമയം 100 ഫോട്ടോകള്‍ അയക്കാന്‍ കഴിയും, സൗജന്യ കോളിംഗ്, വാട്‌സ്ആപ്പ് തീമുകള്‍ അനുസ്യൂതം മാറ്റാനുള്ള സൗകര്യം, എന്നിവയുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ളതാണ് ഈ സന്ദേശം.

ഇത്തരത്തില്‍ ലഭിക്കുന്ന ഇന്‍വിറ്റേഷനിലൂടെ മാത്രമേ വാട്ട്‌സ്ആപ് ഗോള്‍ഡ് ലഭിക്കൂ എന്നും മെസേജില്‍ വ്യക്തമാക്കുന്നു. ഒറ്റ ക്ലിക്കില്‍ വാട്ട്‌സ്ആപ് ഗോള്‍ഡിലേക്ക് മാറുന്നതിനായി ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ ലിങ്ക് ക്ലിക്ക് ചെയ്യുന്നവരെ കാത്തിരിക്കുന്നത് 404 എന്ന തെറ്റായ പേജാണ്. ഇത് വാട്ട്‌സ് ആപ്പില്‍ നിന്നുള്ള ഒദ്ധ്യോഗിക പ്രഖ്യാപനമല്ലെന്നും വാട്ട്‌സ് ആപ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കുന്നതിനായി ഹാക്കര്‍മാര്‍ ഒരുക്കിയ വലയാണെന്നും സൈബര്‍ വിദഗ്ദര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു. വാട്ട്‌സ്ആപ്പ് അടുത്ത കാലത്ത് അവതരിപ്പിച്ചിട്ടുള്ള പുതിയ അപ്‌ഡേറ്റുകള്‍ക്ക് വെല്ലുവിളിയാവുന്ന തരത്തിലാണ് ഹാക്കര്‍മാരുടെ ഇടപെടലുണ്ടായിരിക്കുന്നത്.

shortlink

Post Your Comments


Back to top button