മുംബൈ: ട്യൂഷന്‍ സെന്ററിന്റെ മോശം സേവനത്തിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിനിക്ക് 3.64 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്. അന്ധേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് ട്യൂട്ടേഴ്‌സ് അക്കാദമിക്കെതിരായാണ് പ്ലസ് ടു വിദ്യാര്‍ഥിനി അഭിവ്യക്തി വര്‍മ പരാതി നല്‍കിയത്. ട്യൂഷന്‍ സെന്ററിന്റെ നിരുത്തരവാദപരമായ സമീപനമാണ് മാര്‍ക്ക് കുറയാന്‍ കാരണമെന്നായിരുന്നു പരാതി. ട്യൂഷന്‍ ഫീസായ 54000രൂപ തിരികെ നല്‍കാനും വിദ്യാര്‍ഥിനി അനുഭവിച്ച മാനസിക പീഡനത്തിന് മൂന്നു ലക്ഷം രൂപയും കോടതിച്ചെലവ് 10000 രൂപ നല്‍കാനും കോടതി ഉത്തരവായി.
2013ല്‍ കണക്കിനും രസതന്ത്രത്തിനുമാണ് അഭിവ്യക്തി ഓസ്‌കാര്‍ ട്യൂഷന്‍ സെന്ററിനെ സമീപിച്ചത്. വീട്ടിലെത്തി ക്ലാസെടുക്കുന്ന രീതിയായിരുന്നു സെന്റര്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ രസതന്ത്ര അദ്ധ്യാപകരെത്താന്‍ ഒരുമാസത്തോളം വൈകുകയും കണക്ക് അദ്ധ്യാപകന്‍ ഹിന്ദി മാധ്യമത്തില്‍നിന്നുള്ള ആളായിരുന്നതിനാല്‍ പിന്തുടരാന്‍ ബുദ്ധിമുട്ടായിരുന്നെന്നും അഭിവ്യക്തിയുടെ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
അഭിവ്യക്തിയുടെ അമ്മയുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് രസതന്ത്രത്തിന് ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകനെ ഏര്‍പ്പെടുത്തി. എന്നാല്‍ അദ്ദേഹം ഐ.സി.എസ്.ഇ. എട്ടാം ക്ലാസ് അദ്ധ്യാപകനായിരുന്നു. തുടര്‍ന്ന് ഐ.ഐ.ടി. വിദ്യാര്‍ഥി അഭിവ്യക്തിയുടെ അദ്ധ്യാപക സ്ഥാനം ഏറ്റെടുത്തെങ്കിലും ഫലമുണ്ടായില്ല. എസ്.എസ്.സി. പരീക്ഷയില്‍ 83 ശതമാനം നേടിയ വിദ്യാര്‍ഥിനിക്ക് പക്ഷെ ഭൗതികശാസ്ത്രം,രസതന്ത്രം, കണക്ക് മൂന്നു വിഷയങ്ങള്‍ക്കും ചേര്‍ത്ത് 60 ശതമാനം മാര്‍ക്കു മാത്രമേ നേടാന്‍ സാധിച്ചുള്ളു.
ഇതുമൂലം പ്രതീക്ഷിച്ച കോളജുകളില്‍ പ്രവേശനം നേടാന്‍ അഭിവ്യക്തിക്കു സാധിച്ചില്ല. മുന്‍വര്‍ഷത്തെ ചോദ്യപ്പേപ്പര്‍ പരിശീലനം ഉള്‍പ്പെടെയുള്ളവ ട്യൂഷന്‍ സെന്റര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും നടപ്പാക്കിയില്ല. രസതന്ത്രം അദ്ധ്യാപകന്‍ പാഠഭാഗങ്ങള്‍ മുഴുവനാക്കാന്‍ ഏറെ സമയമെടുത്തു. വിഷാദരോഗത്തിന് അടിമപ്പെടുന്നതു വരെയെത്തി കാര്യങ്ങള്‍ അഭിവ്യക്തി പറഞ്ഞു. അഭിഭാഷകയായ അമ്മ നീനയാണ് അഭിവ്യക്തിക്കു വേണ്ടി ഹാജരായത്. അതേസമയം വിദ്യാര്‍ഥിനി പഠനത്തില്‍ പിന്നാക്കമായിരുന്നെന്നും താമസിച്ചാണ് പരിശീലനത്തിന് ചേര്‍ന്നതെന്നും ട്യൂഷന്‍ സെന്റര്‍ അധികൃതര്‍ പ്രതികരിച്ചു.
Post Your Comments