പത്തനംതിട്ട ● ആദിവാസി ബാലികയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പ്രതിയെ രക്ഷിക്കാന്‍ ശ്രമെന്ന് ആരോപണം. മൂഴിയാർ ഡാമിനോടു ചേർന്ന സായിപ്പൻകുഴി ആദിവാസി കോളനിയിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ബാലികയാണ് പീഡനത്തിന് ഇരയായത്. ആദിവാസി മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട പെൺകുട്ടി ഇപ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയാണ്. സംഭവത്തിലെ പ്രതി ആദിവാസി കുടികളുമായി അടുത്തു പ്രവർത്തിക്കുന്നയാളാണ്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗർഭിണിയായത് എന്നിരിക്കേ പ്രായം തിരുത്തി 18 ആക്കി പ്രതിയെ രക്ഷിക്കാനാണ് നീക്കം നടക്കുന്നത്. ഇതിനായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ബാലികയുടെ മാതാപിതാക്കളേയും കൈയിലെടുതാണ് നീക്കം.
സായിപ്പൻകുഴി കോളനിയിൽ സന്ദർശനത്തിന് ചെന്ന ആരോഗ്യപ്രവർത്തകർക്ക് സംശയം തോന്നിയതിനെ തുടർന്ന് ചിറ്റാർ പി.എച്ച്.സിയിൽ നിന്നുമുള്ള വിദഗ്ദ്ധർ കോളനിയിലെത്തി നടത്തിയ പരിശോധനയിലനുന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച ഈ വിവരം ശിശുക്ഷേമ സമിതിക്ക് മഹിളാ സമഖ്യ പ്രവർത്തകർ റിപ്പോർട്ട് ചെയ്തു. ഇതോടെ പ്രതിയെ രക്ഷിക്കാനുള്ള നീക്കം തുടങ്ങിയത്. പെൺകുട്ടിക്ക് മാസങ്ങൾക്ക് മുൻപ് 18 വയസ് തികഞ്ഞുവെന്നു വരുത്താനാണ് നീക്കം.
പെണ്‍കുട്ടിയുടെ പ്രായമെത്രയാണെന്ന് മാതാപിതാക്കള്‍ക്കും അറിയില്ല. മൂത്ത പെൺകുട്ടിക്ക് 17 വയസാണ് ഉള്ളതെന്ന് ഇവർ പറയുന്നു. അതനുസരിച്ച് കണക്കാക്കുമ്പോൾ ഗർഭിണിയായ പെൺകുട്ടിയുടെ പ്രായം 15 മുതൽ 16 വരെയാണ്. എന്നിട്ടും ആരോഗ്യപ്രവർത്തകർ തയ്യാറാക്കിയ ഹെൽത്ത് കാർഡില്‍ 18 ആണ് പ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ സ്കൂൾ രേഖകള്‍ പരിശോധിച്ചാൽ പ്രായം അറിയാൻ കഴിയും. അല്ലെങ്കിൽ ശാസ്ത്രീയ പരിശോധന നടത്തിയാൽ മതിയാകും. അതിനൊന്നും മുതിരാതെ ആദിവാസി സമൂഹത്തിന്റെ അഞ്ജതയെ മുതലെടുത്ത് പ്രതിയെ രക്ഷിക്കാനാണ് നീക്കം നടക്കുന്നത്.
Post Your Comments