KeralaNews

അശ്ലീല കോള്‍സെന്ററുകള്‍ വ്യാപകം : അകപ്പെടുന്നത് വീട്ടമ്മമാരും, വിദ്യാര്‍ത്ഥിനികളും

തിരുവനന്തപുരം : നഗരത്തില്‍ വന്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് പിടിയിലായെങ്കിലും ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്താനായി വെബ്‌സൈറ്റുകള്‍ ഇപ്പോഴും ഏറെ സജീവം. പ്രായപൂര്‍ത്തിയാകാത്തതെന്ന പേരില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ നല്‍കി ഇടപാടുകാരെ വലയിലാക്കുന്ന പെണ്‍വാണിഭ സംഘങ്ങള്‍ ഫെയ്‌സ് ബുക്കിലും വെബ്‌സൈറ്റുകളിലും അനവധിയാണ്. പത്തിനും പതിനെട്ടിനുമിടെ വയസ്സുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളോടെയുള്ള ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ തുടങ്ങി പെണ്‍വാണിഭ ഇടപാടുകള്‍ ആരംഭിച്ചതാണു സൈബര്‍ സെല്‍ പൊലീസിന്റെ അന്വേഷണത്തിനു വഴിതുറന്നത്. ഇത്തരം ഫെയ്‌സ് ബുക് അക്കൗണ്ടുകളെപ്പറ്റി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അംഗം ഡിജിപിക്കു പരാതി നല്‍കിയതിനെത്തുടര്‍ന്നു സൈബര്‍ സെല്‍ നടത്തിയ നിരീക്ഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.

ചില ഫ്രീ വെബ്‌സൈറ്റുകള്‍ പരിശോധിച്ചപ്പോള്‍ സൈബര്‍ ക്രൈം അന്വേഷണസംഘം വീണ്ടും ഞെട്ടി. എസ്‌കോര്‍ട്ട് സേവനങ്ങള്‍, ക്ലാസിഫൈഡ്‌സ് തുടങ്ങിയ പേരിലാണു പല സൈറ്റുകളും പ്രവര്‍ത്തിക്കുന്നത്. മെട്രോ നഗരങ്ങിലും ചെറുനഗരങ്ങളിലും ഇത്തരം സംഘങ്ങള്‍ കൂടുതലാണെന്നു പൊലീസ് പറയുന്നു.. മലയാളി പെണ്‍കുട്ടികളെ ആവശ്യപ്പെടുന്ന സൈറ്റുകളിലൂടെയാണു വ്യാപാരങ്ങള്‍ കൂടുതലും. ഇന്റര്‍നെറ്റില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ റാക്കറ്റ് സൈറ്റുകളുടെ നീണ്ട നിര തന്നെയുണ്ട്. വീട്ടമ്മമാര്‍, കോളജ് വിദ്യാര്‍ഥിനികള്‍, ഉദ്യോഗസ്ഥര്‍, സിനിമസീരിയല്‍ നടികള്‍ എന്നിങ്ങനെ പറഞ്ഞ് ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനുള്ള സൗകര്യവും വെബ്‌സൈറ്റുകള്‍ ഒരുക്കുന്നു. ഫോണ്‍ നമ്പരിലൂടെ നേരിട്ടും ഇവരുമായി സംസാരിച്ചു കച്ചവടം ഉറപ്പിക്കാം. കേരളത്തിലെ ഏതു പ്രാന്ത പ്രദേശത്തു പോലും ബന്ധപ്പെട്ടവരെ എത്തിക്കും. ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരിലേക്കു മിസ്ഡ് കോള്‍ നല്‍കിയാല്‍ ഇടനിലക്കാര്‍ നേരിട്ടു വിളിക്കുന്ന സംവിധാനവുമുണ്ട്. ഇത്തരം കോളുകള്‍ സ്വീകരിക്കാന്‍ പലയിടത്തും കോള്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അടുത്തകാലത്തു കണ്ടെത്തി. അതില്‍ തലസ്ഥാനവും പെടുന്നു. പലപ്പോഴും ഇപ്പോള്‍ പിടിയിലായതു പോലെയുള്ള വീടുകള്‍ കേന്ദ്രീകരിച്ചാവും കോള്‍ സെന്ററുകള്‍. നല്ല ദിവസക്കൂലിക്ക് ഇവിടെ ആള്‍ക്കാരെ ജോലിക്കു വച്ചിരിക്കുകയാകും. പലപ്പോഴും പ്രദേശത്തു ബന്ധമില്ലാത്ത അന്യസംസ്ഥാനക്കാരെയാകും.

.പരസ്യം നല്‍കി പ്രലോഭനം, വിലപേശല്‍ …

ജില്ലകള്‍ തിരിച്ചും ഉദ്യോഗം പറഞ്ഞുമൊക്കെ (അധ്യാപിക, നഴ്‌സ്, ഡോക്ടര്‍, നര്‍ത്തകി, ഐടി പ്രഫഷനല്‍) സെര്‍ച്ചിങ് അവസരം നല്‍കുന്നു. ഓരോ ജില്ലയിലും എത്രപേര്‍ ലഭ്യമാണെന്നു നമ്പരുകള്‍ പോലും നല്‍കിയിട്ടുണ്ട്. ചില സൈറ്റുകളില്‍ സര്‍വീസുകളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ മാത്രമല്ല. വിവിധ പരസ്യങ്ങള്‍ക്കിടയില്‍ ഫ്രണ്ട്ഷിപ് ക്ലബ്, കാഷ്വല്‍ എന്‍കൗണ്ടര്‍, എസ്‌കോര്‍ട്ട്, കോള്‍, ചാറ്റ് പരസ്യങ്ങളും നിറയുന്നു. . നൂറുകണക്കിനു ഫോട്ടോയും അവരില്‍ നിന്നു ലഭിക്കുന്ന സേവനങ്ങളും ഒപ്പമുണ്ടാകും. പെണ്‍കുട്ടികളെയും വിദ്യാര്‍ഥികളെയും പല രീതിയില്‍ വശീകരിച്ചു വലയിലാക്കി, കേരളത്തിന്റെ പല ഭാഗങ്ങളും കേന്ദ്രമാക്കിയാണു പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നത്.

.വണ്ടിയുണ്ടോ, ഒരെണ്ണമെടുക്കാന്‍…

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കു മാത്രമായി ഒരു കോഡ് ഭാഷയുണ്ട്. അവര്‍ക്കു മാത്രമായി മനസ്സിലാകുന്ന പ്രാദേശിക ഭാഷയിലുള്ള വാക്കുകളും, ഉച്ചാരണങ്ങളും. സംഘത്തിലുള്ളവര്‍ തമ്മില്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ പെണ്‍കുട്ടികളെ ‘വണ്ടി’ എന്നാണു പറയുക. ഒരു വണ്ടി അങ്ങോട്ടു തരാം, പകരം എന്‍ജിന്‍ ഏതുണ്ട്, ആ വണ്ടി പിന്‍വലിച്ചു എന്നിങ്ങനെയുള്ള സംസാരമാകുമ്പോള്‍ സംശയമുണ്ടാവില്ല. ഓരോ ഇടപാടിനും പ്രത്യേക പേരുകളും വിശേഷണങ്ങളും ഉണ്ട്. പലപ്പോഴും പ്രായവും സൗന്ദര്യവും കണക്കിലെടുത്താണു നിരക്ക് നിശ്ചയിക്കുന്നത്. പെണ്‍കുട്ടികള്‍ക്കു സീരിയലുകളിലും പരസ്യങ്ങളിലും സിനിമകളിലും അവസരം കൊടുക്കാമെന്നുള്ള വാഗ്ദാനങ്ങളുമുണ്ട്

.ഐടി @ വാണിഭം…

ലാപ്‌ടോപ്പുകളും ടാബ്‌ലറ്റുകളും മൊബൈല്‍ഫോണുകളും സാര്‍വത്രികമായതോടെ പെണ്‍വാണിഭ ഇടപാടുകള്‍ എളുപ്പമായി. നൂറോളം മൊബൈല്‍ ഫോണുകളാണ് ‘ഓപ്പറേഷന്‍ ബിഗ് ഡാഡി’യുടെ ഭാഗമായി സൈബര്‍ സെല്‍ പൊലീസ് പിടിച്ചത്. ഈ മൊബൈല്‍ ഫോണ്‍ നമ്പരുകളാണ് ഇടപാടുകാര്‍ക്കു വിളിക്കാന്‍ സൈറ്റുകളില്‍ നല്‍കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളെ പെണ്‍വാണിഭ സംഘങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. ഫെയ്‌സ് ബുക്കില്‍ മിക്കവരുടെയും പേജുകളില്‍ അല്‍പവസ്ത്രധാരികളായ യുവതികളുടെ ചിത്രങ്ങള്‍ (പീപ്പിള്‍ യു മേ നോ) തെളിയും. ഇവയില്‍ ചിലതു വാണിഭസംഘങ്ങളിലേക്കുള്ള ക്ഷണമാണ്, ഒപ്പം കുരുക്കിലേക്കും. ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താലും ഓണ്‍ലൈന്‍ വാണിഭം ലഭ്യമാകുന്ന കാലമാണെന്നതു സ്ഥിതിയെ കൂടുതല്‍ ഗുരുതരമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button