ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സ്വന്തമായി നിലപാടെടുക്കാന്‍ അവകാശമുള്ള സ്ഥാപനമാണ് ആര്‍ബിഐ. ഇതില്‍ കൈ കടത്താന്‍ ശ്രമിക്കാതെ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. രഘുറാം രാജനെ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് രഘുറാം രാജന് പിന്തുണയുമായി ധനമന്ത്രി രംഗത്തെത്തിയത്.
രഘുറാം രാജനെതിരെ ആറ് ആരോപണങ്ങളാണ് സ്വാമി കത്തില്‍ ഉന്നയിച്ചിട്ടുള്ളത്. പലിശ നിരക്കുകളില്‍ വര്‍ധനവ് വരുത്താനുള്ള രാജന്റെ തീരുമാനം ചെറുകിട വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കും. ഇതുണ്ടാക്കുന്ന പ്രത്യാഘാതം ഒരു തരത്തിലും ഒഴിവാക്കാനാവാത്തതാണെന്നും സ്വാമി കത്തില്‍ പറയുന്നു.
യാതൊരുവിധ സുരക്ഷയുമില്ലാത്ത ചിക്കാഗോ യൂണിവേഴ്‌സിറ്റിയുടെ ഇമെയില്‍ ഐഡിയിലൂടെയാണ് സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ രാജന്‍ കൈമാറുന്നതെന്ന് സ്വാമി ആരോപിച്ചു. ബി.ജെ.പി സര്‍ക്കാരിന്റെ പ്രതിച്ഛായ ഇടിച്ചുകാണിക്കാനാണ് രഘുറാം രാജന്‍ ശ്രമിക്കുന്നതെന്നും സ്വാമി കുറ്റപ്പെടുത്തി.
രാജനെ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് മുമ്പും സ്വാമി മോദിക്കു കത്തെഴുതിയിരുന്നു. രാജന്‍ പൂര്‍ണമായും ഇന്ത്യക്കാരനല്ലെന്നു പറഞ്ഞ സ്വാമി അദ്ദേഹം മനപ്പൂര്‍വ്വം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കത്തില്‍ ആരോപിച്ചിരുന്നു.
Post Your Comments