മുംബൈ: നവി മുംബൈയിലെ തിരക്കേറിയ റസ്റ്റൊറന്റില്‍ പട്ടാപ്പകല്‍ വന്‍ മോഷണം. റസ്റ്റൊറന്റിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപ കവര്‍ന്നു. കുട്ടികളെ ഉപയോഗിച്ചു നടത്തിയ മോഷണത്തിന്റെ സി.സി. ടി.വി ദൃശ്യങ്ങള്‍ പൊലീസിനെപ്പോലും ഞെട്ടിച്ചു.
രണ്ടു കുട്ടികളും മൂന്നു സ്ത്രീകളുമടങ്ങുന്ന സംഘമാണു മോഷണം നടത്തിയത്. കടയിലേക്കെത്തിയ സ്ത്രീകള്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന ജീവനക്കാരോട് സംസാരിക്കുന്നു. ഇതിനിടെ കുട്ടികളിലൊരാള്‍ മേശ തുറന്നു പണം കൈക്കലാക്കുന്നു. മേശ തുറക്കുന്നതു ജീവനക്കാര്‍ കാണാതിരിക്കാന്‍ സ്ത്രീകള്‍, ധരിച്ചിരുന്ന ഷാള്‍ കൊണ്ട് മറ തീര്‍ക്കുന്നതും ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.
പണം കാണാതയതിനെത്തുടര്‍ന്ന് ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു മോഷണത്തിന്റെ രീതി വ്യക്തമാകുന്നത്. സമീപത്തെ നാലു കടകളിലും സമാനമായ മോഷണം നടന്നിട്ടുണ്ട്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍, സെവാരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നു രണ്ടു സ്ത്രീകള്‍ അറസ്റ്റിലായി. ഒരാള്‍ പൊലീസിനെ വെട്ടിച്ചു കടന്നു. കുട്ടികളെ പൊലീസ് ജുവനൈല്‍ ഹോമിലേക്കു മാറ്റി. പരിശോധനയില്‍ 9000 രൂപയോളം സംഘത്തില്‍നിന്നു കണ്ടെത്തിയതായും പൊലീസ് അറിയിച്ചു
Post Your Comments