തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഉപകാരത്തിനും സാമ്പത്തികലാഭത്തിനും വേണ്ടി തുടങ്ങിയ അക്ഷയ സെന്ററുകള്‍ കൊള്ളലാഭം നേടുന്നതായി പരാതിയുയരുന്നു. പ്ലസ് വണ്‍, ബിരുദപ്രവേശനത്തിന്റെ പേരില്‍ തട്ടിപ്പുനടത്തുന്നുവെന്നാണ് പരാതി.വി.എച്ച്.എസ്.ഇ. പുറത്തിറക്കിയ പ്രൊസ്‌പെക്ടസിലെ കാര്യങ്ങളല്ല അക്ഷയ അച്ചടിച്ചതിലുള്ളത്. മിക്ക കേന്ദ്രങ്ങളും സ്വന്തമായി പ്രോസ്‌പെക്ടസ് അടിച്ചിറക്കി 30 രൂപയ്ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. കോഴ്‌സുകളുടെ കോഡുകളിലും തെറ്റുകളുണ്ട്.
അക്ഷയ സെന്ററുകളില്‍നിന്നു നല്‍കിയ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ മണാശ്ശേരി ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ കോഴ്‌സ് കോഡില്‍ തെറ്റുവന്നിരുന്നു. കൊമേഴ്‌സ് വിഷയത്തിന്റെ കോഡ് 38 ആണ്. എന്നാല്‍ അക്ഷയകേന്ദ്രത്തില്‍നിന്നു ലഭിച്ചതില്‍ 8 ആണ് കോഡ്. ഇതുപ്രകാരം കൊമേഴ്‌സിനപേക്ഷിക്കുന്ന കുട്ടിക്ക് ആ വിഷയത്തില്‍ പ്രവേശനം ലഭിക്കില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പ്രോസ്‌പെക്ടസോ സ്‌കൂളില്‍നിന്നുള്ള ഫോറമോ നോക്കിയേ ഫോറം പൂരിപ്പിക്കാവൂ എന്ന് കോളേജ് പ്രിന്‍സിപ്പല്‍ കഴിഞ്ഞദിവസം പത്രക്കുറിപ്പില്‍ അറിയിക്കുകയും ചെയ്തിരുന്നു.
അപേക്ഷ പൂരിപ്പിച്ചുകൊടുക്കുന്നതിനുപുറമെ ഓണ്‍ലൈന്‍ അപേക്ഷകൊടുക്കുന്നതിന് 100 രൂപ വേറെയും വാങ്ങുന്ന കേന്ദ്രങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഓരോതവണ അലോട്ട്‌മെന്റ് വരുമ്പോഴും കിട്ടാത്തവര്‍ വീണ്ടും അക്ഷയയില്‍ പോയി ഓപ്ഷന്‍ പുതുക്കണം. ഇതിനും 50ഉം 100ഉം രൂപ നഷ്ടമാവും. അപേക്ഷയുടെ പ്രിന്റ് ഏതെങ്കിലും പ്ലസ് ടു സ്‌കൂളില്‍ സമര്‍പ്പിക്കുമ്പോള്‍ 25 രൂപ അടച്ച് റസീറ്റ് വാങ്ങണം. ഇങ്ങനെയാകുമ്പോള്‍ അപേക്ഷ ഇനത്തില്‍ മാത്രം ഒരു വിദ്യാര്‍ഥിക്ക് ചെലവ് 300 രൂപയോളമാണ്.
ഇന്റര്‍നെറ്റ് കഫേ ഓണേഴ്‌സിന്റെ അസോസിയേഷനും ഇക്കാര്യത്തില്‍ അക്ഷയക്കെതിരെ പരാതിയുന്നയിച്ചിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്തതരത്തില്‍ കേന്ദ്രീകൃതമായ ഫീസ് ഈടാക്കുകയാണ് ഇക്കാര്യത്തില്‍ അക്ഷയകേന്ദ്രങ്ങള്‍ ചെയ്യേണ്ടത്. എന്നാല്‍ ഇത് നിയന്ത്രിക്കുന്ന വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍നിന്ന് ഇതുസംബന്ധിച്ച അറിയിപ്പൊന്നും ജില്ലാ അക്ഷയകേന്ദ്രത്തിന് ലഭിച്ചിട്ടില്ല. ഇന്റര്‍നെറ്റ് കഫേകളുടെ അതേ ജോലിയാണ് അക്ഷയ സെന്ററുകളും ഇപ്പോള്‍ നടത്തിവരുന്നത്. പ്രത്യേക ലോഗിനോ പോര്‍ട്ടലോ അധികാരമോ ഇതിനായി അക്ഷയക്കു നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ അധികപണം ഈടാക്കുന്നത് നിയന്ത്രിക്കാനോ പ്രവര്‍ത്തനം നിരീക്ഷിക്കാനോ സാധിക്കില്ലെന്ന് ജില്ലാ അക്ഷയ പ്രൊജക്ട് ഓഫീസ് അധികാരികള്‍ അറിയിച്ചു. ഈ വിഷയം ഐ.ടി. മിഷന്‍ ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വി.എച്ച്.എസ്.ഇ.യുമായി ബന്ധപ്പെട്ട് ഇതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments