NewsInternational

പന്ത്രണ്ട് വയസുള്ള മലയാളി ബാലന് മൂന്ന് ബിരുദങ്ങള്‍; ആറുവര്‍ഷത്തിനുള്ളില്‍ ഡോക്ടർ

ലോസ് ഏയ്ഞ്ചല്‍സ്: തനിഷ്‌ക് എബ്രഹാമിന് വയസ്സ് 12 ആയതേ ഉള്ളൂ. പക്ഷെ കൈയ്യിലുള്ളത് 3 ഡിഗ്രികളാണ്. കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അഭിനന്ദനങ്ങളും തനിഷ്‌ക് ഏറ്റുവാങ്ങിയിട്ടുണ്ട്. പതിനെട്ടു വയസ്സാകുമ്പോഴേക്കും ബയോമെഡിക്കല്‍ എന്‍ജിനിയറിങ് പഠിക്കുന്നതിനും ഡോക്ടറും മെഡിക്കല്‍ ഗവേഷകനുമാകുന്നതിനുമാണ് തനിഷ്ക് ലക്ഷ്യമിടുന്നത്.

കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് തനിഷ്‌കിന്റെ മാതാപിതാക്കളായ താജി എബ്രഹാമും, ബിജോ എബ്രഹാമും. ചെറുപ്പത്തിലേ മിടുക്കനായ തനിഷ്‌ക് ബുദ്ധിപരമായി മറ്റ് കുട്ടികളേക്കാള്‍ മുന്നിലാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് തനിഷ്‌കിനെ കൂടുതല്‍ പഠിപ്പിക്കാനായി തീരുമാനിച്ചത്. വീട്ടിലിരുന്നും സ്‌കൂളിലുമായി പഠിച്ച തനിഷ്‌ക് ഏഴാം വയസ്സില്‍ ഹൈസ്‌കൂളില്‍ ചേര്‍ന്നു. കൂടുതല്‍ ഐക്യു ഉള്ള കുട്ടികളുടെ സംഘടനയിൽ നാലാം വയസ്സില്‍ അംഗമായി. പതിനൊന്നാം വയസ്സിലാണ് തനിഷ്‌ക് മൂന്ന് ബിരുദങ്ങള്‍ നേടുന്നത്. കാലിഫോര്‍ണിയ കോളേജില്‍ നിന്ന് കണക്ക്, ശാസ്ത്രം, വിദേശ ഭാഷ എന്നീ വിഷയങ്ങളിലാണ് ബിരുദം നേടിയത്.

ഡേവിസ് സര്‍വകലാശാലയിലും സാന്റാ ക്രൂസ് സര്‍വകലാശാലയിലുമാണ് തനിഷ്കിന് പ്രവേശനം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇവയില്‍ ഏതുവേണമെന്ന് തീരുമാനിച്ചിട്ടില്ല. പതിനെട്ടു വയസാകുമ്പോഴേക്കും എം ഡി എടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തനിഷ്ക് പറയുന്നു.

shortlink

Post Your Comments


Back to top button