പുനഹ പൊഖ്രി (ഉത്തരാഖണ്ഡ്): രാജ്യസഭയില്‍ നിന്ന് ഉടന്‍ വിരമിക്കുന്ന ബിജെപി എംപി തരുണ്‍ വിജയ്‌യുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ദളിതര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിലക്കിനെ മറികടന്ന് ചക്രതയിലുള്ള സില്‍ഗുര്‍ ദേവതാ ക്ഷേത്രത്തില്‍ പ്രവേശിച്ചു. പ്രാദേശിക സന്നദ്ധപ്രവര്‍ത്തകയായ ദൌലത്ത് കന്‍വറിനും ദളിത് വിഭാഗത്തില്‍പ്പെട്ട അസംഖ്യം ആളുകള്‍ക്കുമൊപ്പം ക്ഷേത്രത്തില്‍ പ്രവേശിച്ച തരുണ്‍ വിജയ്‌യും സംഘവും ദളിതര്‍ക്കും ക്ഷേത്രത്തില്‍ ആരാധന നടത്താനുള്ള തുല്യാവകാശത്തിനായുള്ള ശ്രമങ്ങള്‍ നടത്തവേ രംഗം വഷളാവുകയും ക്ഷേത്രത്തിന് പുറത്ത് തടിച്ചുകൂടിയ ഒരു ജനക്കൂട്ടം അക്രമാസക്തമാവുകയും ചെയ്തു. തുടര്‍ന്ന്‍ നടന്ന കല്ലേറില്‍ തരുണിന് തലയിലും ചെവിയിലും സാരമായ മുറിവുകള്‍ ഏല്‍ക്കുകയും അദ്ദേഹത്തെ അടിയന്തിര വൈദ്യസഹായത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്രത്തില്‍ ആരാധനയ്ക്ക് ദളിതര്‍ക്കും തുല്യാവകാശമാണെന്ന് സ്ഥാപിക്കാനായി തരുണും സംഘവും “ദേവ് ഡോളി”യില്‍ തൊട്ടതാണ് തടിച്ചുകൂടിയ മേല്‍ജാതിക്കാരായ ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിച്ചത്. പ്രാദേശിക വിശ്വാസം അനുസരിച്ച് കീഴ്ജാതിയില്‍ പെട്ടവര്‍ക്ക് ക്ഷേത്രത്തില്‍ പ്രേവേശിക്കാമെങ്കിലും ദേവ് ഡോളിയില്‍ തൊടാന്‍ അനുവാദമില്ലായിരുന്നു എന്ന് ദൃക്സാക്ഷികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദളിതര്‍ തൊട്ടതോടെ ക്ഷേത്രം അശുദ്ധമായി എന്ന് പറഞ്ഞായിരുന്നു തരുണ്‍ ഉള്‍പ്പെടെയുള്ളവരെ ജനം ആക്രമിച്ചത്. തരുണ്‍ വിജയ്‌യെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷവും അദ്ദേഹത്തോടുള്ള ദേഷ്യം ശമിക്കാതിരുന്ന ജനക്കൂട്ടം തരുണിന്‍റെ കാര്‍ അടിച്ചു തകര്‍ക്കുകയും, അത് അടുത്തുള്ള ഒരു മലയിടുക്ക് വഴി താഴോട്ട് തള്ളിയിടുകയും ചെയ്തു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് പോലീസ് ജീപ്പുകളും ജനക്കൂട്ടത്തിന്‍റെ രോഷത്തിനിരയായി.
ദളിതര്‍ക്ക് ക്ഷേത്രാരാധനാ ക്രമങ്ങളില്‍ തുല്ല്യാധികാരം നല്‍കുന്നതിനു വേണ്ടി തരുണ്‍ വിജയ് ഇതിനുമുമ്പും ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
“വികസിത ഇന്ത്യയെക്കുറിച്ച് നാം അഭിമാനം കൊള്ളുന്ന ഇക്കാലത്ത് പോലും ജാതി വിവേചനത്തില്‍ നിന്ന്‍ മുക്തരാകാന്‍ നമുക്ക് സാധിച്ചിട്ടില്ല എന്നത് അപമാനകരമായ കാര്യമാണ്. ദൈവം എല്ലാവര്‍ക്കും ഒരു പോലെയാണ്. അപ്പോള്‍ പിന്നെ, ഒരു ഹിന്ദുവിന് മറ്റൊരു ഹിന്ദുവിന്‍റെ ക്ഷേത്രപ്രവേശനത്തെ എതിര്‍ക്കാന്‍ എന്തവകാശമാണുള്ളത്?,” തരുണ്‍ വിജയ് മുന്‍കാലത്ത് പറഞ്ഞ ഒരഭിപ്രായം ഇങ്ങനെയായിരുന്നു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന തരുണ്‍ വിജയ്‌യെ സന്ദര്‍ശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് തരുണിന് എല്ലാവിധ പിന്തുണയും അറിയിക്കുകയും സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
Post Your Comments