ദുബായ് : വേനല്‍ കടുത്തതോടെ യു.എ.ഇയില്‍ മൂന്ന് മാസത്തേക്ക് ഉച്ചവിശ്രമം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 16 വരെ, ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു വരെയാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചത്. കടുത്ത ചൂടില്‍നിന്ന് തൊഴിലാളികളെ രക്ഷിക്കാനാണ് നടപടിയെന്ന് നുഷ്യവിഭവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് ജോലി സമയം രാവിലെയും രാത്രിയിലുമാക്കി രണ്ടായി ക്രമീകരിക്കണമെന്നും എന്നാല്‍ മൊത്ത ജോലിസമയം എട്ടുമണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഓവര്‍ടൈം ജോലി ചെയ്യിക്കുന്നുണ്ടെങ്കില്‍ യുഎഇ തൊഴില്‍ നിയമം അനുസരിച്ചുള്ള അധിക വേതനവും നല്‍കിയിരിക്കണം. ഉച്ചവിശ്രമ കാലത്തെ ജോലി സമയ ക്രമീകരണം മുന്‍കൂട്ടി തൊഴിലാളികളെ അറിയിക്കണം. 12.30 മുതല്‍ മൂന്നുവരെ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ശീതീകരിച്ച പ്രത്യേക സൌകര്യം ഒരുക്കണമെന്നും കുടിക്കാന്‍ തണുത്ത വെള്ളം ലഭ്യമാക്കണമെന്നും മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് സഈദ് ഗൊബാഷ് പറഞ്ഞു.
അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ രക്ഷാകവചകങ്ങള്‍ കമ്പനികള്‍ ഒരുക്കണം. ജോലി സ്ഥലത്ത് പ്രഥമശുശ്രൂഷാ സംവിധാനങ്ങളും ഒരുക്കണം. ചൂടുകാലത്തുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളും മുന്‍കരുതലും സംബന്ധിച്ച് തൊഴിലാളികളെ ബോധവല്‍കരിക്കണം. നിയമലം ലംഘിക്കുന്ന കമ്പനികള്‍ക്ക് ആളൊന്നിന് 5000 ദിര്‍ഹം വീതം പിഴ ചുമത്തും. നിരോധിത സമയത്ത് കൂടുതല്‍ തൊഴിലാളികളെകൊണ്ട് ജോലി ചെയ്യിക്കുന്ന കമ്പനിക്ക് പരമാവധി അര ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് മന്ത്രി അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ നിരോധിത സമയത്തും ജോലി തുടരേണ്ടിവരുന്ന തൊഴിലാളികളുടെ ആരോഗ്യം ഉറപ്പുവരുത്താനാവശ്യമായ എല്ലാ സംവിധാനങ്ങളും കമ്പനി ഒരുക്കിയിരിക്കണം.
Post Your Comments