Kerala

പ്രവീണ ജീവിക്കുന്നു മൂന്നുപേരിലൂടെ…

തിരുവനന്തപുരം ● അയവയ ദാനത്തിലൂടെ മൂന്ന് പേര്‍ക്ക് പുതുജീവിതം നല്‍കി പ്രവീണ (18) വിടപറഞ്ഞു. മസ്തിഷ്‌ക മരണം സംഭവിച്ച പ്രവീണയുടെ കരള്‍, 2 വൃക്കകള്‍ എന്നിവയാണ് ദാനം നല്‍കിയത്.

പുനലാല്‍, കൊണ്ണിയൂര്‍, ചേങ്കോട്ടുകോണം തുഷാരത്തില്‍ കൂലിപ്പണിക്കാരനായ രഘുവരന്‍ നായരുടേയും മഞ്ജുവിന്റേയും മകളാണ് പ്രവീണ. സഹോദരനായ പ്രവീണും (20) കൂലിപ്പണിക്കാരനാണ്. വാടക വീട്ടിലാണ് ഇവരുടെ താമസം. വീട്ടിലെ കഷ്ടപ്പാടിനിടയിലും പ്രവീണ നന്നായി പഠിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോടെ പ്ലസ് ടു പരീക്ഷയില്‍ പ്രവീണ ഉന്നത വിജയം നേടി. വീട്ടിലെ കഷ്ടപ്പാട് കണ്ട് ഒരു സര്‍ക്കാര്‍ ജോലി നേടാനായി വെക്കേഷന്‍ സമയത്ത് പി.എസ്.സി. കോച്ചിംഗിന് ചേര്‍ന്നു. മേയ് ഏഴാം തീയതി പി.എസ്.സി. കോച്ചിംഗ് കഴിഞ്ഞ് പ്രവീണ സുഹൃത്തിന്റെ ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. നെടുമങ്ങാട് ഇരിഞ്ചയത്ത് വച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് തെന്നി വീണു.

തലയടിച്ചു വീണ പ്രവീണയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന പ്രവീണയെ ഉടന്‍ തന്നെ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച് തീവ്ര പരിചരണം നല്‍കി. എന്നാല്‍ പതിനഞ്ചാം തീയതി രാത്രി 8.30 ന് പ്രവീണയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

മരണാന്തര അവയവദാന സാധ്യതകളെപ്പറ്റി ഡോക്ടര്‍മാര്‍ പ്രവീണയുടെ ബന്ധുക്കളോട് സംസാരിച്ചു. തങ്ങളുടെ മകള്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന് പറഞ്ഞ് പ്രവീണയുടെ അച്ഛന്‍ അവയവദാനത്തിനുള്ള സമ്മതം അറിയിച്ചു.

ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയെ ഇക്കാര്യം അറിയിച്ചു. മൃതസഞ്ജീവനി സംസ്ഥാന കോ-ഓര്‍ഡിനേറ്ററും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള പ്രവര്‍ത്തനം ഏകോപിപ്പിച്ചു. തുടര്‍ന്ന് പ്രവീണയുടെ അവയവങ്ങളുമായി ചേര്‍ച്ചയുള്ളവരെ കണ്ടെത്തി അവര്‍ക്ക് അവയവമെത്തിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തി. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ അനീഷ് പി.വി., വിനോദ് കുമാര്‍ എസ്.എല്‍, വിശാഖ് വി., എന്നിവരടങ്ങുന്ന സംഘം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി.

കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശി ബിനുവിന് (40) കരളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ശ്രീകുമാര്‍ (48) ആര്യനാട്, ജോര്‍ജ് (50) അടൂര്‍ എന്നിവര്‍ക്ക് വൃക്കകളും നല്‍കി. ഡോ. വേണുഗോപാല്‍, ഡോ ഹാരിസ്, ഡോ. സതീഷ്‌കുമാര്‍, ഡോ. മധുസൂദനന്‍, ഡോ. ഷീല എന്നിവരാണ് മെഡിക്കല്‍ കോളേജിലെ വിജയകരമായ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. രാത്രി നടന്ന ഈ ശസ്ത്രക്രിയയില്‍ നഴ്‌സുമാര്‍, അറ്റന്റര്‍മാര്‍ എന്നിവരും ഒത്തൊരുമിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ കൊണ്ണിയൂരിലേക്ക് കൊണ്ട് പോയി സംസ്‌കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button