കുവൈത്ത് സിറ്റി: കുവൈത്തിലെ നഴ്സുമാര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം അവധി നല്‍കാന്‍ തീരുമാനം. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികൾ, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കുമാണ് ആഴ്ചയില്‍ രണ്ട് ദിവസം അവധി ലഭിക്കുക. കുവൈറ്റ് നഴ്‌സസ് ഫോറം സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ സംസാരിക്കവെ ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.ജമാല്‍ അല്‍ഹര്‍ബിയാണ് ഇക്കാര്യം അറിയിച്ചത്.
2013 മുതല്‍ മുബാറക് അല്‍കബീര്‍ ആശുപത്രിയിലെ കുവൈറ്റ് പൗരന്മാരായ നഴ്‌സുമാര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം അവധി നല്‍കി വരുന്നുണ്ട്. അവിടെ തദ്ദേശീയരായ നഴ്‌സുമാര്‍ രണ്ടു ദിവസത്തെ വാരാന്ത്യ അവധിയെടുക്കുന്നത് ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും കുവൈത്തി നഴ്‌സുമാര്‍ക്ക് ഈ ആനുകൂല്യം നല്‍കാനും മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദേശി നഴ്‌സുമാര്‍ക്കും രണ്ട് വാരാന്ത്യ അവധി അനുവദിക്കാന്‍ ആലോചിക്കുന്നത്.
നിലവില്‍ 8 മണിക്കൂര്‍ വീതമുള്ള മൂന്നു ഷിഫ്റ്റുകളായാണ് നഴ്സുമാരുടെ ജോലി. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം അഞ്ചു ദിവസങ്ങളില്‍ എട്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ പരമാവധി 40 മണിക്കൂറാണ് നഴ്‌സുമാരുടെ ജോലിസമയം.
Post Your Comments