പാപ്പിനിശ്ശേരി: പത്തൊന്‍പതുകാരന്‍റെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം. പാപ്പിനിശ്ശേരി കരിക്കന്‍കുളത്താണ് സംഭവം. റെയില്‍വേ പാളത്തില്‍ വലിയ വിള്ളല്‍ കണ്ടെത്തുകയായിരുന്നു. കൃത്യസമയത്ത് ഇത് റെയില്‍വേ അധികൃതരെ അറിയിക്കാനായതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്.
ഇന്നലെയാണ് സംഭവം. രാവിലെ 9.30ന് ഇതുവഴി കടന്നുവന്ന കരിക്കന്‍കുളം സ്വദേശിയായ പത്തൊന്പതുകാരന്‍ രാഹുലാണ് ട്രാക്കിലെ വിള്ളല്‍ കണ്ടെത്തിയത്. മംഗലാപുരം മെയില്‍ കടന്നുപോകുന്നതിനു തൊട്ടു മുന്‍പാണ് ട്രാക്കിലെ വിള്ളല്‍ ശ്രദ്ധയില്‍പെട്ടത്.
രാഹുല്‍ ഉടന്‍ തന്നെ വിവരം സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. കണ്ണൂര്‍, കണ്ണപുരം, പാപ്പിനിശ്ശേരി സ്റ്റേഷനുകളില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു രാഹുല്‍. ഉടന്‍ റെയില്‍വേ സാങ്കേതിക വിഭാഗം വിദഗ്ധര്‍ സ്ഥലത്തെത്തി താല്‍ക്കാലിക പരിഹാരം ഏര്‍പ്പെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് ട്രാക്കിന്‍റെ അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments