ന്യൂഡല്‍ഹി : ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെ താമസിക്കുന്നുണ്ടെന്നതിന് തെളിവുമായി സി.എന്‍.എന്‍-ഐ.ബിഎന്നിന്റെ സ്റ്റിങ് ഓപ്പറേഷന്‍. ചാനല്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ ദാവൂദിന്റെ വീടം പരിസരവും അഡ്രസുമെല്ലാം പുറത്തുവന്നിട്ടുണ്ട്. ദാവൂദ് പാക്കിസ്ഥാനില്‍ താമസമില്ലെന്ന പാക് സര്‍ക്കാരിന്റെ വാദം പൊള്ളയാണെന്ന് ഒരിക്കല്‍ക്കൂടി തെളിക്കുന്നതാണ് സ്റ്റിങ് ഓപ്പറേഷന്‍. കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് ബിന്‍ ലാദന്റേതിന് സമാനമായ വീട്ടിലാണ് ദാവൂദിന്റെ താമസം. മൂന്നു മീറ്റര്‍ ഉയത്തിലുള്ള മതിലും 24 മണിക്കൂര്‍ കാവല്‍ക്കാരും വീടിന് സുരക്ഷയൊരുക്കുന്നു. കറാച്ചിയിലെ ക്ലിഫ്ടണ്‍ ഏരിയയിലാണ് ഈ വിട് സ്ഥിതി ചെയ്യുന്നത്. സിന്ധ് പ്രവിശ്യയിലുള്ള ഈ വീടിനെക്കുറിച്ച് പാക് സര്‍ക്കാരിന് നന്നായി അറിവുണ്ടെന്നും ചാനല്‍ പറയുന്നു. പാക്കിസ്ഥാന്‍ ഇപ്പോഴും ദാവൂദിനെക്കുറിച്ച് അറിയില്ലെന്നു പറയുന്നതില്‍ അത്ഭതമില്ലെന്നാണ് എന്‍.എസ്.എ മുന്‍ ഡെപ്യൂട്ടി ലീല പൊന്നപ്പ പറയുന്നത്. ദാവൂദ് പാക്കിസ്ഥാന്‍ ഇന്റലിജന്‍സിന്റെ വലിയ സ്വത്താണെന്ന് മാധ്യമപ്രവര്‍ത്തകനായ എസ് ബാലകൃഷ്ണന്‍ പറയുന്നു. പാക് സര്‍ക്കാരുമായും സൈന്യവുമായും ദാവൂദിന് അടുത്ത ബന്ധമുണ്ടന്നും ഇദ്ദേഹം പറഞ്ഞു. ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മാരകരോഗം ബാധിച്ച ദാവൂദിന്റെ കാലുകള്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയിലാണെന്നും ദാവൂദിന്റെ ജീവന്‍ തന്നെ അപകടത്തിലാണെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ദാവൂദിന്റെ വലംകൈ ആയ ഛോട്ടാ ഷക്കീല്‍ ഇത് നിഷേധിച്ചിരുന്നു.
Post Your Comments