കല്‍പ്പറ്റ ● ഫേസ്ബുക്കിലൂടെ പ്രണയത്തിലായ മലയാളി യുവതിയെത്തേടി കേരളത്തിലെത്തിയ ബംഗ്ലാദേശി പൗരനായ യുവാവ് പോലീസ് പിടിയിലായി. ജഹിദുൾ ഖാന്‍ എന്നയാളെയാണ് വയനാട് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
വയനാട് സ്വദേശിയായ യുവതിയുമായി ഫേസ്ബുക്കിലൂടെയാണ് ജഹിദുൾ ഖാന്‍ പ്രണയത്തിലായത്. തുടര്‍ന്ന് വാട്സ്ആപ്പ് വഴി ചാറ്റിംഗുമായി. പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ ഖാന്‍ തന്റെ പ്രേമഭാജനത്തെക്കാണാന്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു.
രേഖകളൊന്നുമില്ലാതെ കഴിഞ്ഞമാസം ഇരുപത്തിയെട്ടാം തീയതിയാണ് ബംഗ്ലാദേശിൽനിന്ന് ബസ്മാർഗം ഇയാള്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. അതിർത്തിയിൽനിന്ന് ബംഗ്ലാദേശ് പൊലീസ് പണം വാങ്ങിയശേഷം ബസിൽ കൊൽക്കത്തയിലേക്ക് കയറ്റിവിവിടുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയിലും അവിടെ നിന്ന് കണ്ണൂരിലുമെത്തി. അവിടെ മൂന്ന് ദിവസം ജോലി ചെയ്ത ശേഷമാണ് യുവതിയെ കാണാന്‍ കല്‍പ്പറ്റയിലെത്തിയത്. തുടര്‍ന്ന് യുവതിയ്ക്കൊപ്പം വീട്ടിലേക്ക് പോവുകയായിരുന്നു.
കഴിഞ്ഞ മൂന്ന്ദിവസമായി മേപ്പാടി മുണ്ടക്കൈയിലുള്ള യുവതിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു പ്രതി. സംശയം തോന്നിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പൊലീസ് പരിശോധനയിൽ ഇയാൾ ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments