തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും നല്ല സമയം അക്ഷയ തൃതീയ ദിവസമാണെന്നാണ് വിശ്വാസം. എന്നാലീ വിശ്വാസത്തെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡിങ്ക മതത്തിന്റെ അനുയായികളായ ഡിങ്കോയിസ്റ്റുകള്‍. സ്വര്‍ണാഭരണത്തിന് പകരം ജെട്ടിയാണ് ഇവര്‍ വിതരണം ചെയ്യുന്നത്. കേള്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും സംഗതി സീരീയസായി തന്നെയാണ് ഡിങ്കോയിസ്റ്റുകളുടെ സംരക്ഷകരായ മൂഷികസേന ഈ പ്രതിഷേധത്തെ കാണുന്നത്.പരമ്പരാഗത മതങ്ങള്‍ക്കെതിരെ നിലവില്‍ വന്ന സ്പൂഫ് മതമാണ് ഡിങ്കോയിസം. മലയാളത്തിലെ ഒരു പ്രമുഖ ബാല പ്രസിദ്ധീകരണത്തിലെ കഥാപാത്രമായ ഡിങ്കനെയാണ് ഇവര്‍ ആരാധനാ കഥാപാത്രമായി കാണുന്നത്. പങ്കിലക്കാട്ടില്‍ അധിവസിക്കുന്ന അത്ഭുത ശക്തിയുള്ള ഒരെലിയാണ് ഡിങ്കന്‍. മറ്റ് മതങ്ങളില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെ തുറന്ന് എതിര്‍ക്കുന്ന ഡിങ്കോയിസ്റ്റുകള്‍ ഇടക്ക് ചലച്ചിത്ര താരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത് വാര്‍ത്തയായിരുന്നു. ഡിങ്കോയിസ്റ്റുകളുടെ മതവികാരം വൃണപ്പെടുത്തിയെന്നായിരുന്നു ഇവരുടെ ആരോപണം.
അക്ഷയ തൃതീയക്ക് മതപരമായ അടിസ്ഥാനമൊന്നുമില്ലെന്ന വാദങ്ങള്‍ കനക്കുന്നതിനിടെയാണ് ഡിങ്കോയിസ്റ്റുകളുടെ വേറിട്ട പ്രതിഷേധം.
അക്ഷയ ജെട്ടീയ കൊഴുപ്പിക്കുന്നതിന് ഒരു വെബ്‌സൈറ്റും ഇവര്‍ തുറന്നിട്ടുണ്ട്. അതില്‍ അക്ഷയ ജെട്ടീയയുടെ ചരിത്രം പറയുന്നത് ഇങ്ങനെയാണ്…”മൂഷിക മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു(ഡിങ്ക ദിനം) അക്ഷയ ജട്ടീയ എന്ന് അറിയപ്പെടുന്നത്. അക്ഷയ ജട്ടീയ നാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്‍ക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. മിട്ടു മുയല്‍ ജനിച്ച ദിവസംകൂടിയാണത്. കേരളത്തിലെ ഡിങ്കോയിസ്റ്റുകള്‍ അന്നേദിവസം സാധുക്കള്‍ക്ക് കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ.ഡിങ്ക പുരാണത്തില്‍ ആണ് അക്ഷയ ജട്ടീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമര്‍ശം കാണുന്നത്. അന്ന് ഉപവസിക്കുകയും ഡിങ്കന് കപ്പ നിവേദിക്കുകയും പിന്നീട് അതുകൊണ്ട് നമ്പോലനെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതില്‍ പ്രസ്താവിച്ചിട്ടുണ്ട്.. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും.”
Post Your Comments