NewsInternational

കാനഡയിലെ കാട്ടുതീ നിയന്ത്രണാതീതം : ആവാസവ്യവസ്ഥകളെ ബാധിച്ചു

ഫോര്‍ട്മക്മറെ (കാനഡ): പടിഞ്ഞാറന്‍ കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയില്‍ വന്‍നാശം വിതച്ച കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. തീ നിയന്ത്രണാതീതമാണെന്നും അയല്‍പ്രവിശ്യയായ സസ്‌കാചിവാനിലേക്കും പടര്‍ന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പുനല്‍കി. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെത്തന്നെ തീ ബാധിച്ചേക്കാമെന്ന് ഭയക്കുന്നു.എണ്ണക്കമ്പനികളുടെ നഗരമായ ഫോര്‍ട് മക്മറെയിലേക്ക് തീ വ്യാപിച്ചതോടെ ഇവിടെനിന്ന് 80,000ത്തിലധികം പേരെ നേരത്തേത്തന്നെ ഒഴിപ്പിച്ചിരുന്നു. നിരവധിപേര്‍ ഇപ്പോഴും നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

ചൊവ്വാഴ്ച ചെറിയൊരുപ്രദേശത്ത് പടര്‍ന്ന തീയാണ് ഇപ്പോള്‍ ഭീകരമാംവിധം പടരുന്നത്. ഇവിടെനിന്ന് രക്ഷപ്പെടാന്‍ നിലവിലുള്ള ഏക ദേശീയപാതയില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്. ആല്‍ബര്‍ട്ടയിലെ എണ്ണമേഖലയിലെ സ്ഥിതിഗതികള്‍ പ്രവചനാതീതവും അത്യന്തം അപകടകരവുമാണെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ അനുകൂലമാവാതെ തീ നിയന്ത്രിക്കാനാവില്ലെന്നും അധികൃതര്‍ പറയുന്നു. അടുത്തദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാപ്രവചനത്തിലാണ് ഇപ്പോള്‍ പ്രതീക്ഷ.20,000 ഹെക്ടര്‍(4,94,000 ഏക്കര്‍) പ്രദേശം ഇതിനകം അഗ്‌നി വിഴുങ്ങിക്കഴിഞ്ഞു. ഫോര്‍ട് മക്മറെ നഗരത്തിലെ ആവാസവ്യവസ്ഥ ആകെ തകരാറിലായി. വൈദ്യുതിബന്ധം തകര്‍ന്നു. കുടിവെള്ളസ്രോതസ്സുകളെയും ബാധിച്ചു. 1600ലധികം വീടുകള്‍ നശിച്ചു. മരണങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ടുചെയ്തിട്ടില്ല. വരണ്ട കാലാവസ്ഥയും ഉഷ്ണക്കാറ്റും തീ പടരാന്‍ സഹായിക്കുകയാണ്. തീ പൂര്‍ണമായി അണയ്ക്കാന്‍ മാസങ്ങള്‍തന്നെ എടുത്തേക്കുമെന്നാണ് വിവരം. 1400 അഗ്‌നിശമനസേനാംഗങ്ങളും 133 ഹെലികോപ്റ്ററുകളുമടക്കം വന്‍ സന്നാഹമാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. നൂറുകണക്കിന് അഗ്‌നിരക്ഷായന്ത്രങ്ങളും ആയിരക്കണക്കിന് പ്രവര്‍ത്തകരും രാപകലില്ലാതെയാണ് യത്‌നിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button