ഷാര്‍ജ: ടാക്സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് കവര്‍ച്ചാ പരമ്പരകള്‍ നടത്തിയിരുന്ന രണ്ട് അറബ് പൗരന്മാരെ ഷാര്‍ജ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടി.
രാത്രിയില്‍ ജോലി ചെയ്യുന്ന ടാക്സി ഡ്രൈവര്‍മാരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വച്ചിരുന്നതെന്ന് കുറ്റാന്വേഷണ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം മുസ്സബ അല്‍-അജേല്‍ പറഞ്ഞു. രാത്രിയില്‍ ടാക്സി വിളിക്കുന്ന സംഘം നിശ്ചിത സ്ഥലത്ത് തങ്ങളെ എത്തിക്കണമെന്ന് ആവശ്യപ്പെടും. തുടര്‍ന്ന് ഇവരില്‍ ഒരാള്‍ ഡ്രൈവര്‍ സീറ്റിന് സമീപത്തും, മറ്റെയാള്‍ ഡ്രൈവറുടെ പിന് സീറ്റിലും ഇരിപ്പുറപ്പിക്കും. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ പുറകിലിരിക്കുന്നയാല് ഡ്രൈവറുടെ കഴുത്തുപിടിച്ച് ഞെരിക്കുകയും മുന്നിലിരിക്കുന്നയാള്‍ ഡ്രൈവറുടെ പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയും ചെയ്യും. ഇതേ രീതിയില്‍ നിരവധി കവര്‍ച്ചകള്‍ നടക്കുന്നതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.
പിടിയിലായ ഇരുവരും അറബ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരാണ്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റംസമ്മതിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ നേരത്തെ യു.എ.ഇയില്‍ താമസിച്ചുവരുന്നയാളാണ്. മറ്റെയാള്‍ രണ്ട് മാസത്തെ സന്ദര്‍ശക വിസയിലാണ് രാജ്യത്ത് പ്രവേശിച്ചത്.
ഓരോ ടാക്സി ഡ്രൈവര്‍മാരില്‍ നിന്നും 500 മുതല്‍ 1500 ദിര്‍ഹം വരെ തങ്ങള്‍ കവര്‍ന്നിട്ടുണ്ടെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. വിചാരണയക്കായി ഇവരെ കോടതിയില്‍ ഹാജരാക്കും.
Post Your Comments