മലപ്പുറം: ജില്ലയില്‍ ചൂട് കനത്തതോടെ മഞ്ഞപ്പിത്തവും ടൈഫോയ്ഡും വ്യാപകമാകുന്നു. ജില്ലയിലെ 45 പഞ്ചായത്തുകളില്‍ കുടിവെളളക്ഷാമം രൂക്ഷമായതോടെയാണ് മഞ്ഞപ്പിത്തവും ടൈഫോയ്ഡും വ്യാപകമായത്. കഴിഞ്ഞ ദിവസം കൊണ്ടോട്ടി മേഖലയിലെ 150പേര്‍ക്ക് പനി ബാധിക്കുകയും ഇതില്‍ 45പേര്‍ക്ക് ടൈഫോയ്ഡ് സ്ഥിരീകരിക്കുകയും ചെയ്തു. കാവനൂരില്‍ 60 പേര്‍ക്കും മങ്കടയില്‍ 355പേര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചു. ജില്ലയില്‍ ഇതുവരെ 28 പേര്‍ക്ക് സൂര്യതാപമേറ്റിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സൂര്യതാപമേറ്റ് ചികിത്സക്കെത്തിയവരുടെ എണ്ണം പത്തായി.
കഴിഞ്ഞ ദിവസം ചെരക്കാപറമ്പ് ഊഴന്‍തൊടി റസിയ (36), തൂതയിലെ വരിക്കത്ത്‌തൊടി മുഹമ്മദാലിയുടെ മക്കള്‍ നാല് വയസുകാരി ഷെബിഹ, ഷിഫ്‌ന (ആറ്), വാഴേങ്കട പടുവന്‍പാടന്‍ മുഹമ്മദ് ഷാഹിം, പുഴക്കാട്ടിരി പൂന്താനത്ത് വീട്ടില്‍ ആരതി (ആറ്) എന്നിവരാണ് ചികിത്സ തേടിയെത്തിയത്. കൈയ്ക്കും മുഖത്തും പുറത്തുമായാണ് പൊള്ളലേറ്റിരിക്കുന്നത്.കനത്ത ചൂടില്‍ പൊന്നാനി കോള്‍മേഖലയിലെ മണ്ണൂപ്പാടത്തെ ഓലകളെല്ലാം ഉണങ്ങി ഒടിഞ്ഞു തൂങ്ങി. വറ്റലൂര്‍ പെരുന്നപ്പറമ്പില്‍ കാദറലിയുടേയും എ.പി സക്കീറിന്റെയും കോഴിഫാമുകളിലെ 1200ലധികം കോഴികള്‍ കനത്ത ചൂടില്‍ ചത്തുവീണു.
ജില്ലയിലെ ജലസേചന, കുടിവെള്ള പദ്ധതികളെല്ലാം വെള്ളമില്ലാതെ പ്രവര്‍ത്തന രഹിതമായ അവസ്ഥയാണ്. പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട ജില്ലാ ദുരന്ത നിവാരണ വിഭാഗത്തില്‍ ഒരു മാസമായി ഡെപ്യൂട്ടി കളക്ടറുടെ അഭാവം നേരിടുകയാണ്. പുഴയില്‍ തടയണയുളള ഭാഗങ്ങളില്‍ മാത്രമേ ഇപ്പോള്‍ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം നടക്കുന്നുള്ളു. ടാങ്കുകളില്‍ കുടിവെള്ളം എത്തിച്ചാണ് മിക്കയിടങ്ങളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കുന്നത്.
Post Your Comments