Kerala

പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷാ യോജനയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്

തിരുവനന്തപുരം: അഭിമാനകരമായി മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലി ബ്ലോക്ക്. മുന്തിയ സ്വകാര്യ ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന സൗകര്യങ്ങളാണ് സാധാരണക്കാര്‍ക്കായ് ഈ കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷാ യോജനയുടെ (പി.എം.എസ്.എസ്.വൈ.) ഭാഗമായാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പ്രവര്‍ത്തന സജ്ജമായത്.

2010 ജൂലയ് മാസം പരീക്ഷണാടിസ്ഥാനത്തില്‍ ഒ.പി. വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2011 ജനുവരിയില്‍ ഔപചാരികമായ ഉദ്ഘാടനം നടന്നു. തുടര്‍ന്ന് കിടത്തി ചികിത്സയും പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
തലച്ചോര്‍, വൃക്ക, ആമാശയം എന്നിവ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സയാണ് ഇവിടെ നല്‍കിവരുന്നത്.

ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അത്യാധുനിക സജ്ജീകരണങ്ങളൊരുക്കി. 1960-70കളില്‍ മെഡിക്കല്‍ കോളേജ് മെയിന്‍ ബ്ലോക്കില്‍ ആരംഭിച്ച സൂപ്പര്‍ സ്‌പെഷ്യലിറ്റി വിഭാഗങ്ങളില്‍ ആറെണ്ണം രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും യാതൊരു തടസവും കൂടാതെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.

ഈ കെട്ടിടത്തിന്റെ തറനിരപ്പില്‍ ഒ.പി. വിഭാഗം, ബ്ലഡ് കളക്ഷന്‍ റൂം, ഇ.സി.ജി., ഇ.എസ്.ഡബ്ലിയു.എല്‍., സിസ്റ്റോസ്‌കോപ്പി, മൃതസഞ്ജീവനി ഓഫീസ്, കഫ്‌ത്തേരിയ എന്നിവ പ്രവര്‍ത്തിക്കുന്നു. ഒന്നാമത്തെ നിലയില്‍ 16 കിടക്കകളുള്ള എം.ഐ.സി.യു., ഹീമോ ഡയാലിസിസ്, പെരിറ്റോണിയല്‍ ഡയാലിസിസ്, എന്‍ഡോസ്‌കോപ്പി സ്യൂട്ട്, ഇ.ഇ.ജി., സ്ലീപ്പ് ലാബ്, നെര്‍വ് കണ്ടക്ഷന്‍ സ്റ്റഡി റൂം, ഓഫീസ്, സെമിനാര്‍ ഹാള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.

2, 3, 4 നിലകളില്‍ വാര്‍ഡുകളും അഞ്ചാം നിലയില്‍ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലസ്, പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യു.കള്‍, കിഡ്ണി ട്രാന്‍സ്പ്ലാന്റ് ഐസിയു, ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐ.സി.യു. എന്നിവയും പ്രവര്‍ത്തിക്കുന്നു.

ഈ കെട്ടിടത്തില്‍ അധിക വൈദ്യുതി ഭാരം കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള ഒരു സബ്‌സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഡിജിറ്റല്‍ എക്‌സ്‌റേ, പവര്‍ ലോണ്‍ട്രി എന്നിവയും ബെയ്‌സ്‌മെന്റ് നിലയില്‍ സ്ഥിതിചെയ്യുന്നു. കൂട്ടിരുപ്പുകാര്‍ക്കായി പ്രത്യേക ഡൈനിംഗ് ഹാള്‍, തുണി നനച്ചുണക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെ സജ്ജമാക്കിയിരിക്കുന്നു.

ഓപ്പറേഷന്‍ തീയറ്ററുകള്‍, വിവിധ ഐ.സി.യു.കള്‍ കൂടാതെ ഒ.പി. വിഭാഗത്തിലും സെന്‍ട്രല്‍ എ.സി. സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായ് സി.സി.ടിവി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷാ യോജനയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ ഈ അത്യാധുനിക സംവിധാനങ്ങള്‍ നിലവില്‍ വന്നതോടെ വന്‍കിട സ്വകാര്യ ആശുപത്രികളില്‍ നിന്നും വെന്റിലേറ്റര്‍ സൗകര്യം വേണ്ടിവരുന്ന വളരെയധികം രോഗികള്‍ ഇവിടത്തെ സൗകര്യങ്ങളെ ആശ്രയിക്കുന്നു.

കേരളത്തിലെ ആരോഗ്യ മേഖലയിലെ ഒരു പുത്തന്‍ പരീക്ഷണമായ ഈ സംവിധാനം യാതൊരു തടസവും കൂടാതെ അഞ്ച് വര്‍ഷങ്ങളായി, കേരളത്തന്റെ നാനാ ഭാഗങ്ങളില്‍ നിന്നും റഫര്‍ ചെയ്തുവരുന്ന അതിസങ്കീര്‍ണമായ രോഗമുള്ളവര്‍ക്ക് ആശ്വാസ കേന്ദ്രമായി മാറിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button