KeralaNews

രാഷ്ട്രീയം തിളച്ചുമറിയുന്ന കൂത്തുപറമ്പിൽ ഇത്തവണത്തെ മത്സരം ദേശീയ ശ്രദ്ധ ആകര്ഷിക്കുന്നത്. പോരാട്ടം മുറുകുമ്പോള്‍ ആര് ജയിക്കുമെന്ന് പ്രവചനാതീതം

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്.കൂത്തുപറമ്പ് നഗരസഭയും , കോട്ടയം-മലബാർ, കുന്നോത്തുപറമ്പ്, മൊകേരി, പാനൂർ, കരിയാട് പെരിങ്ങളം, പാട്യം, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൂത്തുപറമ്പ് നിയമസഭാമണ്ഡലം. 2011 ലെ തെരഞ്ഞെടുപ്പിൽ സിപിഎം നു ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കൂത്തുപറമ്പ് മണ്ഡലം നഷ്ടപ്പെട്ടത്. സ്വാശ്രയ സമരത്തിൽ അഞ്ചു യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ട ഈ മണ്ഡലം സിപിഎം മ്മിനു വൈകാരികമായ അടുപ്പമുള്ള മണ്ഡലം കൂടിയാണ്. കൂത്തുപറമ്പിൽ അടക്കമുള്ള ഒന്നോ രണ്ടോ മണ്ഡലങ്ങളിലെ പരാജയമായിരുന്നു സിപിഎമ്മിനു ഭരണം ലഭിക്കാതെ പോയത്.

കഴിഞ്ഞ തവണ യു ഡി എഫിന്റെ സ്ഥാനാർഥി ജനതാദളിലെ കെ പി മോഹനൻ ഇവിടെ നിന്ന് ജയിച്ചിരുന്നു. ഇത്തവണയും കെ പി മോഹനാണ് ഇവിടെ മത്സരിക്കുന്നത്.താൻ വിജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ട്. തന്റെ വികസന പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞാണ് കെ പി മോഹനൻ വോട്ടു തേടുന്നത്. മണ്ണ് ജല സംരക്ഷണ പദ്ധതിയായ സഹസ്ര സരോവർ പദ്ധതിയാണ് മോഹനൻ ഏറ്റവും വലിയ നേട്ടമായി കാണുന്നത്. 4 കോടി രൂപയുടെ ഈ പദ്ധതിമൂലം വർഷങ്ങളായി പായലും ചെളിയും അകറ്റി കോട്ടയം ചിറയെ വീണ്ടെടുക്കാനായതാണ് എറ്റവും വലിയ നേട്ടം. പാനൂരിൽ ഫയര് സ്റേഷൻ, പോലീസ് കണ്ട്രോൾ റൂമും കമ്മ്യൂണിറ്റി സെന്ററും, കാര്ഷിക പദ്ധതികളും വിഷമില്ലാത്ത പച്ചക്കറികളും ഒക്കെയായി വലിയ നേട്ടങ്ങളുടെയും വികസനങ്ങളുടെയും കണക്കു നിരത്തുന്നുണ്ട്‌ കെ പി മോഹനൻ.

എന്നാൽ ഇതിന്റെ നേരെ മറിച്ചാണ് എല് ഡി എഫ് പറയുന്നത്. വികസനം നടത്തിയെന്നൊക്കെ മന്ത്രി വാചകമടിക്കുകയാണെന്നാണ് എൽ ഡി എഫിന്റെ ആരോപണം. കുടിവെള്ള പ്രശ്നമാണ് ഏറ്റവും കൂടുതൽ പ്രചരണായുധം. ഇത്തവണ ഇവിടെ മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർഥി കെ.കെ.ശൈലജ ആണ്.നിയമസഭാ തെരെഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കൂത്തുപറമ്പ്. കൂത്തുപറമ്പ് തിരിച്ച് പിടിക്കുക എന്നത് ഇടതിന് അഭിമാന പ്രശ്‌നമാണ്. രക്തസാക്ഷികളുടെ ചുവന്ന മണ്ണില്‍ 70മുതലുള്ള വിജയം ഇടതിന് മാത്രം സ്വന്തമായിരുന്നു. പിണറായി വിജയനും പി ജയരാജനും കെകെ ശൈലജയുമെല്ലാം ജയിച്ചു വന്നത് ഇവിടുന്നാണെന്നുള്ളത് സിപിഎമ്മിന്റെ ഈ മണ്ഡലത്തോടുള്ള വൈകാരിക അടുപ്പം കൂട്ടാനും കാരണമായി. കെ കെ ശൈലജ, ഇരിട്ടിക്കടുത്ത് മാടത്തി സ്വദേശിയാണ് . മട്ടന്നൂര്‍ കോളേജില്‍ വിദ്യാഭ്യാസം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സിപിഐ എം സംസ്ഥാനകമ്മറ്റി അംഗവുമാണ്.. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.കൂത്തുപറമ്പ് തിരിച്ചുപിടിക്കാൻ കെ കെ ശൈലജ ടീച്ചര്ക്ക് ആവുമെന്നാണ് സിപിഎമ്മിന്റെ കണക്കു കൂട്ടൽ.

ഇവിടുത്തെ എൻ ഡി എ സ്ഥാനാർഥി ദേശീയ ശ്രദ്ധ വരെ പിടിച്ചു പറ്റിയ ആളാണ്‌. 94-ലെ സി.പി.എം അക്രമത്തിന്റെ ഇര സദാനന്ദൻ മാസ്റർ.1999-മുതൽ തൃശൂർ ജില്ലയിലെ പേരാമംഗലം ശ്രീ ദുർഗാ വിലാസം ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ അധ്യാപകനാണ് സദാനന്ദൻ മാസ്റ്റർ.ഭാര്യ റാണിയും അധ്യാപികയാണ്.തൃശൂർൃ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിൽ ബി.ടെക്കിന് പഠിക്കുന്ന മകൾ യമുനാ ഭാരതി എ.ബി.വി.പി കോളേജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ്.നാഷണൽ ടീച്ചേഴ്സ് യൂണിയൻ കേരള സംസ്ഥാന വൈസ് പ്രസിഡന്റും സംഘടനയുടെ മുഖപത്രമായ ദേശീയ അധ്യാപക വാർത്തയുടെ എഡിറ്ററുമാണ് സദാനന്ദൻ മാസ്റ്റർ. ആർ.എസ്.എസിന്റെ ധൈഷണികവിഭാഗമായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലും മാസ്റ്റർ സജീവമാണ്. തന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് സദാനന്ദൻ മാസ്റർ പറയുന്നത് ഇങ്ങനെ.” തന്നെ ജനങ്ങൾ അവർക്കുമുന്നിൽ കാണുമ്പോൽ ഇടതുപക്ഷ അതിക്രമങ്ങളെക്കുറിച്ച് അവർ ഓർക്കും. സമാധാനപരമായ അന്തരീക്ഷമില്ലെങ്കിൽ പ്രദേശത്തെ എല്ലാ വികസനപ്രവർത്തനങ്ങളും തടസ്സപ്പെടുമെന്നുള്ളതുകൊണ്ട് ഹിംസാത്മകരാഷ്ട്രീയത്തിന്റെ നിരർത്ഥകത അവർക്ക് മനസ്സിലാകും.ഏതായാലും കണ്ണൂരിൽ സി.പി.ഐ.എം. രാഷ്ട്രീയഫാസിസം അവസാനിപ്പിക്കേണ്ട സമയം എന്നേ കഴിഞ്ഞു.” അതുകൊണ്ട് തന്നെ താൻ വിജയിക്കേണ്ട ആവശ്യകത സദാനന്ദൻ മാസ്റർ തുറന്നു പറയുന്നു. ഈയിടെ മാസ്ററുടെ കാറിന്റെ നേരെയുള്ള അക്രമം ഇതിനു തെളിവായും ചൂണ്ടിക്കാണിക്കുന്നു.

എന്തായാലും വിപ്ലവ മണ്ണിൽ ഇത്തവണ ആരെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button