ലക്നൗ: ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്സ് വിമാനം ഇന്ധനക്കുറവിനെത്തുടര്‍ന്ന് ലക്നൗ അമൌസി വിമാനത്താവളത്തില്‍ അടിയന്തിരമായിറക്കി.
40 യാത്രക്കാരുമായി ഡെറാഡൂണില്‍ നിന്ന് ഉച്ചയ്ക്ക് 1.40 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 2.45 ഡല്‍ഹിയില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ ഡല്‍ഹി വ്യോമമേഖലയിലെത്തിയ വിമാനത്തിന് മോശം കാലാവസ്ഥ മൂലം ഇറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിമാനത്തിന്റെ പൈലറ്റ് രാഹുല്‍ മദനോട് വട്ടമിട്ടു പറക്കാനും തുടര്‍ന്ന് ലക്നൗ വിമാനത്താവളത്തിലേക്ക് പോകാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ ലക്നൗവില്‍ എത്തുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ് വിമാനം ബറേലിയ്ക്ക് മുകളില്‍ എത്തിയപ്പോഴാണ് വിമാനത്തിന്റെ ഇന്ധനനില താഴ്ന്നുവരുന്നതായി പൈലറ്റ് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ലക്നൗ എ.ടി.സിയെ വിവരമറിയിച്ചു. ഉടന്‍ തന്നെ വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗിന് അനുമതി നല്‍കുകയും ചെയ്തു.
3.38 ഓടെ സമ്പൂര്‍ണ അടിയന്തിര ലാന്‍ഡിംഗ് പ്രഖ്യാപിച്ചു . അടിയന്തിര ലാന്‍ഡിംഗിന് വേണ്ട എല്ലാവിധ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ പ്രദീപ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. 4 മണിയോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ദോഹയില്‍ നിന്ന് 155 യാത്രക്കാരുമായി കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്സ് വിമാനം മോശം കലവാസ്ഥയെത്തുടര്‍ന്ന് തിരുവനന്തത്തേക്ക് തിരച്ചുവിടുകയും ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തിര ലാന്‍ഡിംഗ് നടത്തുകയും ചെയ്തിരുന്നു. അന്ന് തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
Post Your Comments