Gulf

ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വിഷന്‍ 2030 പ്രഖ്യാപനം ഇന്ന്, എണ്ണയിതര വരുമാനം ലക്ഷ്യമാക്കിയുള്ള സൗദിയുടെ സമഗ്രമാറ്റത്തിന് തുടക്കം

റിയാദ്: ലോകശ്രദ്ധ ആകര്‍ഷിച്ച സൗദി വിഷന്‍ 2030 ഇന്നു പ്രഖ്യാപിക്കും. ഉപകിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആണ് പ്രഖ്യാപനം നടത്തുക. എണ്ണ വിലയിടിവ് മൂലമുണ്ടായ ആഘാതത്തില്‍ നിന്ന് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്തുക, പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ സൗദിയെ മാറ്റത്തിന്‍റെ പാതയിലേക്ക് നയിക്കുക എന്ന ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടു കൊണ്ടുള്ള സമഗ്രനയമാണ് വിഷന്‍ 2030.

എണ്ണയിതര വരുമാനത്തിന് പ്രാമുഖ്യം നല്‍കി വ്യവസായ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കിക്കൊണ്ട് പുതിയ വിദേശനിക്ഷേപ സാധ്യതകള്‍ കണ്ടെത്തുക എന്നതായിരിക്കും വിഷന്‍ 2030 ഊന്നല്‍ നല്‍കുന്ന പ്രധാന നയം. എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സൗദിയെ ഗള്‍ഫ് മേഖലയിലെ പ്രധാന വ്യവസായ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യമാണ്‌ വിഷന്‍ 2030-നുള്ളത്.

വനിതകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന സാമൂഹിക പരിഷ്കരണങ്ങളും എല്ലാവരും പ്രതീക്ഷിക്കുന്നു. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നു എന്ന് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൂചിപ്പിച്ചിരുന്നു.

സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യക്ഷമത കൂട്ടുക, സ്വകാര്യമേഖലയില്‍ കൂടുതല്‍ വ്യവസായങ്ങള്‍, വിദേശനിക്ഷേപത്തിന്‍റെ കൂടുതല്‍ ഫലപ്രദമായ വിനിയോഗം, വിദേശ പ്രഫഷണലുകള്‍ക്ക് സൗദിയില്‍ സ്ഥിരതാമസാനുമതി, ചുവപ്പുനാടകളുടെ പൂര്‍ണ്ണമായ ഒഴിവാക്കല്‍, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ സമഗ്ര പരിഷ്കരണം, കൂടുതല്‍ തൊഴിലവസരങ്ങള്‍, സബ്സിഡി, ക്ഷേമപദ്ധതികള്‍ എന്നിവയില്‍ നിയന്ത്രണം, സാധാരണക്കാര്‍ക്ക് സാമ്പത്തിക പരിരക്ഷ, പൊതുനിക്ഷേപനിധി സമാഹരിക്കുന്നതിലും വിനിയോഗിക്കുന്നത്തിലും മാറ്റം, പൊതുമേഖലാ എണ്ണക്കമ്പനിയായ ആരാംകോയെ ഊര്‍ജ്ജ, വ്യവസായ സംരഭമാക്കിയുള്ള പുനഃസംഘടന എന്നിവ വിഷന്‍ 2030-ലെ പ്രധാന മാറ്റങ്ങള്‍ ആയിരിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button