പേരാവൂര്‍: കണ്ണൂര്‍ പേരാവൂരില്‍ പതിനഞ്ചുകാരിയായ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് പട്ടിണിമൂലമാണെന്നും അല്ലെന്നും വാദം കൊഴുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു.
കണിച്ചാര്‍ പഞ്ചായത്തിലെ ചൊങ്ങോത്തെ രവി-മോളി ദമ്പതികളുടെ മകള്‍ ശ്രുതിയാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. പട്ടിണിയും വിശപ്പും കാരണം താന്‍ ജീവനൊടുക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരിക്കുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചതോടെയാണ് സംഭവം വിവാദമായി മാറിയത്. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്.
ആത്മഹത്യാക്കുറുപ്പിലെ വരികള്‍…..
ഞാനീ നശിച്ച ലോകത്തുനിന്ന് പോകുവാ. എന്നെ ഇനി നോക്കണ്ട. ഞാന്‍ കണ്ടും കേട്ടും മടുത്തു. ഇപ്പോള്‍ എന്നെ ഉപദ്രവിക്കാനും തുടങ്ങി. ഞാന്‍ ട്യൂഷന് കഴിഞ്ഞു വരുമ്പോള്‍ മടുത്തു തലകറങ്ങിയായിരിക്കും വരിക. ഞാന്‍ സഹിക്കാവുന്നതിലേറെ സഹിച്ചു. ഇനി എനിക്ക് സഹിക്കാന്‍ സാധിക്കില്ല. ഞാന്‍ ട്യൂഷന് വിട്ട് വരുമ്പോള്‍ 12 മണി കഴിയും. എന്നാലോ ഒരു പിടി ചോറുവരെ അച്ഛമ്മ വെച്ചിട്ടുണ്ടാവില്ല. എന്നിട്ട് എന്നെയാണ് വഴക്കു പറയുക. ഞാന്‍ രാവിലെ ഏഴു മണിക്കാണ് പോവുക. ഇനി എനിക്ക് ജീവിക്കണ്ട. അതുകൊണ്ട് ഞാന്‍ പോകുന്നു.അമ്മയും എന്റെ അനിയനും എന്നോട് പൊറുക്കണേ.. ഗുഡ്ബൈ..
ശ്രുതിയുടെ മരണം പട്ടിണിയെത്തുടര്‍ന്നാണ് എന്ന് സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചാരണമുണ്ടായതോടെ ശ്രുതിയുടെ പിതാവ് രവി തന്നെ ഇതു നിഷേധിച്ചു രംഗത്തെത്തിയിരുന്നു. എങ്കിലും ആത്മഹത്യാക്കുറിപ്പ് പുറത്തുവിടണമെന്നും അല്ലാതെ ഇതു വിശ്വസിക്കില്ലെന്നും വിമര്‍ശകരില്‍ ചിലര്‍ സമൂഹികമാധ്യമങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ശ്രുതി തൂങ്ങിമരിച്ച സംഭവത്തില്‍ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ പിന്നോക്കവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂലിപ്പണിയെടുത്തും കൃഷിപ്പണി ചെയ്തും ജീവിക്കുന്ന ശ്രുതിയുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമോ പട്ടിണിമൂലം മരിക്കേണ്ട സാഹചര്യമോ ഇല്ലെന്നാണ് അന്വേഷണത്തില്‍ മനസിലായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രുതിയുടെ അച്ഛന്റെ അമ്മ ഉപ്പാട്ടിക്ക് 2 ഏക്കര്‍ സ്ഥലമുണ്ട്. ഉപ്പാട്ടിക്ക് 6 മക്കളാണുളളത്. ശ്രുതിയുടെ അച്ഛന് രവിക്ക് പന്ന്യാംമലയില്‍ സ്വന്തമായുളള 10 സെന്റ് സ്ഥലത്തിന് പുറമെ അമ്മയുടെ സ്വത്തിനും അര്‍ഹതയുണ്ട്. ശ്രുതിയുടെ സഹോദരന് അക്ഷയ് കേളകം മഞ്ഞളാപുരം സ്ക്കൂളില്‍ 7-ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി. ചെങ്ങോം കോളനിയിലെ വീട് ഉപ്പാട്ടിയുടെ പേരിലുളളതാണ്. ഉപ്പാട്ടിയുടെ കൂടെയാണ് ശ്രുതിയും അച്ഛനും അമ്മയും സഹോദരനും താമസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments