KeralaNews

കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ്

കൊച്ചി: ഏറെ ദുരൂഹതകള്‍ ഉയര്‍ത്തി വിവാദമായ കോന്നിയിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികളുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും, പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോന്നി സ്വദേശികളായ ആതിര ആര്‍ നായര്‍,എസ്.രാജി,ആര്യാ സുരേഷ് എന്നിവരെ കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് കാണാതായത്. പിന്നീട് അടുത്ത ദിവസം പാലക്കാട് പൂക്കോട് കുന്ന് റെയില്‍വെ സ്‌റ്റേഷന് സമീപം ട്രെയിനില്‍ നിന്നും ചാടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആതിര,രാജി എന്നിവര്‍ സംഭവസ്ഥലത്തും, ഗുരുതരമായി പരുക്കേറ്റ ആര്യാ സുരേഷ് പിന്നീട് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.പത്താംക്ലാസില്‍ മികച്ച മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ പിന്നീട് പഠനത്തില്‍ പിറകോട്ട് പോകുകയും പ്ലസ് ടൂവിന് മാര്‍ക്ക് കുറയുമോ എന്നുളള ആശങ്കയും ഇവരെ അലട്ടിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.നിരാശയും, സാമ്പത്തിക സുരക്ഷിത ബോധമില്ലായ്മയും ഇവരെ നിരന്തരം അലട്ടിയിരുന്നതായി ഇവരുടെ ഡയറിക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്. വിഷാദ മാനസികാവസ്ഥയിലായിരുന്ന ഇവര്‍ പലതവണ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയിരുന്നു.പരസ്പരം കൈമാറിയ സന്ദേശങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അടൂര്‍ ഡിവൈഎസ്പി റഫീക്കിന്‍റെ നേതൃത്വത്തിലുളള റിപ്പോര്‍ട്ട് ഹൈക്കോടതി തേടിയത്. കേസില്‍ മറ്റ് അന്വേഷണങ്ങളൊന്നും ആവശ്യമില്ലെന്നും പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് തന്നെയാണെന്നുമാണ് പൊലീസിന്‍റെ നിലപാട്.

shortlink

Post Your Comments


Back to top button