സുജാത ഭാസ്കര്‍
കോളിളക്കം സൃഷ്ടിച്ച ബാർക്കോഴക്കേസിലെ ജനകീയവിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. വിവാദങ്ങളൊടുങ്ങാത്ത തൃപ്പൂണിത്തുറയിൽ ജനകീയ കോടതിയുടെ വിധിക്ക് കാതോർത്തിരിക്കുകയാണ് രാഷ്ട്രീ്യകേരളം.കോണ്‍ഗ്രസ് ഇരട്ടനീതി ഉപയോഗിച്ച് രക്ഷപ്പെടുത്തിയെന്ന് മുന്നണിക്കുള്ളില്‍ ഉയര്‍ന്ന വിവാദത്തിലെ നായകന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ തട്ടകം. ഇടതുതരംഗം വീശിയ 2006-ലെ തെരഞ്ഞെടുപ്പില്‍പ്പോലും ഇടതുമുന്നണിക്ക് അടിപതറിയ മണ്ഡലം.ബാബു മുള്‍മുനയില്‍ നില്‍ക്കുന്ന അവസരം പ്രയോജനപ്പെടുത്താന്‍ ഇടതുമുന്നണി തന്ത്രം മെനയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ കരുത്തുകാട്ടല്‍ യാദൃച്‌ഛികമല്ലെന്നു തെളിയിക്കാന്‍ ബി.ജെ.പിയും കച്ചമുറുക്കുമ്പോള്‍ വരാനിരിക്കുന്നതു ത്രികോണ പോരാട്ടം. മൂവര്‍ക്കും ഇത് അഭിമാന പ്രശ്‌നം.. കഴിഞ്ഞ മണ്ഡലം പുനര്‍നിര്‍ണയത്തില്‍ തൃപ്പൂണിത്തുറയില്‍നിന്ന് കുറച്ചുഭാഗം മാറ്റി വേറെ കുറെഭാഗം കൂടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറ നഗരസഭ, മരട് നഗരസഭ, കുമ്പളം ഗ്രാമപഞ്ചായത്ത്, ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത്, കൊച്ചി കോര്‍പ്പറേഷനിലെ 13 മുതല്‍ 21 വരെ ഡിവിഷനുകള്‍ കൂടിയതാണ് ഇപ്പോള്‍ തൃപ്പൂണിത്തുറ അസംബ്ലി മണ്ഡലം. ഇരുമുന്നണികളെയും പരീക്ഷിച്ചിട്ടുള്ള തൃപ്പൂണിത്തുറയില്‍ കെ. ബാബു മാത്രമാണ് തുടര്‍ച്ചയായി അഞ്ചുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ചത്
ബിജെപിയും നിര്‍ണ്ണായക ശക്തിയാണ് ഇവിടെ.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നഗരസഭയില്‍ 13 കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് ബിജെപി പ്രതിപക്ഷമായി മാറി. മന്ത്രി ബാബുവിന്റെ വാര്‍ഡില്‍പ്പോലും ബിജെപിയാണ് വിജയം നേടിയത്. അഞ്ച് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാംസ്ഥാനത്തും എത്തി.
ഇരുപത്തി ഏഴായിരത്തോളം വോട്ടുകള്‍ മണ്ഡലത്തില്‍ ബിജെപിക്ക് ഒറ്റക്ക് നേടാന്‍ കഴിഞ്ഞു. ബാര്‍കോഴ വിവാദത്തില്‍പ്പെട്ട മന്ത്രി ബാബു ആറാംതവണ മത്‌സരത്തിന് ഇറങ്ങുന്നതില്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധവും എസ്എഫ്‌ഐ നേതാക്കളുടെ മാനസികപീഡനത്തെത്തുടര്‍ന്ന് ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ജനവികാരവും തെരഞ്ഞെടുപ്പില്‍ ഏറെ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. എസ്എന്‍ഡിപി, ധീവരസമുദായങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ബിഡിജെഎസ് ഉള്‍പ്പെടുന്ന എന്‍ഡിഎക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. കേരളത്തിന്റെ സാംസ്കാരികനഗരികളിലൊന്നായ തൃപ്പൂണിത്തുറയിൽ, സാംസ്കാരിക രംഗത്തുനിന്നുള്ള പ്രമുഖനെയാണ് ബി.ജെ.പി. നിയോഗിച്ചിരിക്കുന്നത്.പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന്‍ ആണ് ഇവിടെ എന്‍ ഡി എ സ്ഥാനാര്‍ഥി.
മന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മണ്ഡലത്തിലുടനീളം പ്രചാരണപരിപാടികള്‍ നടത്തുന്നതില്‍ ഇടതുമുന്നണി വിജയിച്ചു. സി.പി.എം. സംസ്‌ഥാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധവും പ്രചാരണവും. ബാബുവിന് മണ്ഡലത്തിലെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്ത തരത്തില്‍ ഇടതുമുന്നണി പ്രതിരോധം തീര്‍ത്തു. കാല്‍നൂറ്റാണ്ടു മുമ്പ് കൈവിട്ട മണ്ഡലം ബാര്‍ കോഴ വിവാദം മുന്‍നിര്‍ത്തി തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളാണ് ഇടതുമുന്നണി ആവിഷ്‌കരിക്കുന്നത്. ബാര്‍ വിവാദത്തിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം യു.ഡി.എഫിനു കനത്ത തിരിച്ചടിയായി. ചരിത്രത്തിലാദ്യമായി തൃപ്പൂണിത്തുറ നഗരസഭയില്‍ യു.ഡി.എഫ്. മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു.വോട്ടെണ്ണം കൂടിയെങ്കിലും പരമ്പരാഗതമായി ഭരണം നടത്തിവന്നിരുന്ന ഉദയംപേരൂര്‍ പഞ്ചായത്തില്‍ ഇടതുമുന്നണി തകര്‍ന്നടിഞ്ഞു. 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ മൂന്നിടത്തു മാത്രം വിജയം! സി.പി.എമ്മിലെ കെട്ടടങ്ങാത്ത വിഭാഗീയതയാണ് മണ്ഡലത്തില്‍ ഇടതുമുന്നണിയെ ബാധിക്കുന്ന പ്രധാന ഘടകം.യുവരക്തത്തെയാണ് ഇടതുമുന്നണി ഇറക്കിയിരിക്കുന്നത്. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. സ്വരാജ് ആണ്.
അഴിമതി ചർച്ചയാക്കാനുള്ള തീവ്രപരിശ്രമത്തിലാണ് സി.പി.എമ്മും ബി.ജെ.പി.യും. സി.പി.എമ്മിന് തൃപ്പൂണിത്തുറയിൽ സംഘടനാപ്രശ്നങ്ങളുണ്ട്,ബി.ഡി.ജെ.എസ്സിന്റെ ബലത്തിൽ ആവേശത്തോടെയാണ് ബി.ജെ.പി. രംഗത്തുള്ളത്. ഈഴവ മുൻതൂക്ക പ്രദേശങ്ങളിൽ വലിയൊരു മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തനങ്ങൾ. വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന അവകാശവാദമൊന്നും കോൺഗ്രസ് ക്യാമ്പിൽനിന്ന് കേൾക്കുന്നില്ല. പക്ഷേ, ജീവന്മരണപോരാട്ടത്തിൽ ജയിച്ചേ തീരൂ. അതിനുവേണ്ടിയുള്ള ഓട്ടത്തിലാണ് ബാബു. ഇവിടെ ആര് ജയിക്കുമെന്നത് പ്രവചനാതീതം.
Post Your Comments