Kerala

മലയാളിയുടെ കാരുണ്യത്തിന് ‘ശുക്രിയ’ പറഞ്ഞ് മഹാരാഷ്ട്ര നാടോടി ബാലിക

പാലാ: നന്ദി പറയാന്‍ മഹാരാഷ്ട്രക്കാരി നാടോടിബാലിക കാശിശിന് മലയാള ഭാഷ വശമില്ല. എങ്കിലും ഹൃദയത്തിന്റെ ഭാഷയാല്‍ ‘ശുക്രിയ’ പറയുകയാണ് ഈ ഏഴുവയസുകാരി കുരുന്ന്. മലയാളക്കരയോട്, മലയാളിയുടെ കാരുണ്യത്തോട്.
 
ചിലന്തി കടിച്ച് ഗുരുതരവാസ്ഥയിലായ കാശിശിന് സൗജന്യചികിത്സയൊരുക്കിയത് മൂന്നാനിയിലെ കരുണാ ആശുപത്രി ഡയറക്ടര്‍ ഡോ. സതീഷ് ബാബുവാണ്. ഇതിനു മുന്‍കൈയെടുത്തതാകട്ടെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസും.
 
പാലാ-പൊന്‍കുന്നം ഹൈവേയുടെ കരാര്‍ പണിക്കായി എത്തിയ മഹാരാഷ്ട്രാ സ്വദേശി വിജയുടെ പുത്രിയാണ് കാശിശ്. കൊല്ലപ്പള്ളിയിലാണ് ഇവര്‍ താല്ക്കാലികമായി താമസിക്കന്നത്. കളിക്കുന്നതിനിടെ കഴിഞ്ഞദിവസം ഉച്ചയോടെ കുട്ടിയെ എന്തോ കടിച്ചു. വീട്ടുകാര്‍ ഇത് കാര്യമാക്കില്ല. രാത്രി വൈകിയതോടെ കുട്ടി അസ്വസ്തതകള്‍ പ്രകടിപ്പിച്ചു. പരിഭ്രാന്തരായ വീട്ടുകാര്‍ കുട്ടിയെ ഓട്ടോയില്‍ രാത്രി 10 മണിയോടെ പാലായിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചു. പരിശോധിച്ച ഡോക്ടര്‍ കുട്ടിയുടെ കൈയില്‍ നീരുവച്ച വീര്‍ത്ത ഭാഗത്ത് കടിച്ചപോലെ രണ്ടു മുറിവുകള്‍ കണ്ടെത്തി. എന്താണ് കടിച്ചതെന്നു ചോദിച്ചിട്ടു വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന എബി ജെ. ജോസ് കരുണാ ആശുപത്രിയിലെ ഡോ. സതീഷ് ബാബുവുമായി ഫോണില്‍ ബന്ധപ്പെട്ടു. ഉടന്‍ കുട്ടിയുമായി ആശുപത്രിയില്‍ എത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ആശുപത്രിയിലെത്തിച്ച കുട്ടിയെ വിശദമായി പരിശോധിച്ച വിഷ ചികിത്സകന്‍ കൂടിയായ സതീഷ് ബാബു ലക്ഷണങ്ങള്‍ വച്ച് ഉഗ്രവിഷമുള്ള ചിലന്തിയാണ് കുട്ടിയെ കടിച്ചതെന്നു സ്ഥിരീകരിച്ചു. തുടര്‍ന്നു ചികിത്സയും ആരംഭിച്ചു. രണ്ടാഴ്ചത്തെ വിശ്രമവും പഥ്യവുമാണ് ബാലികയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആശുപത്രി ചെലവും ചികിത്സാ ചെലവും വാങ്ങാതെയാണ് ഡോ. സതീഷ്ബാബു അന്യ സംസ്ഥാന ബാലികയ്ക്ക് ചികിത്സ ലഭ്യമാക്കിയത്.
 
അടിയന്തിര ചികിത്സ ലഭിച്ചില്ലെങ്കില്‍ ദേഹമാസകലം ചൊറിഞ്ഞ് പൊട്ടി വ്രണം ഉണ്ടാകലായിരുന്നുവെന്നു ഡോക്ടര്‍ സതീഷ് ബാബു പറഞ്ഞു. ഇത് മറ്റ് തകരാറുകള്‍ക്കും ആസ്മയ്ക്കും വരെ ഭാവിയില്‍ ഇടയാക്കിയേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button