News

കടുത്ത പോരാട്ടത്തിന് ഒരുങ്ങി കാട്ടാക്കട ; ഇത്തവണ വിജയം ആര്‍ക്ക്?

സുജാത ഭാസ്കര്‍

മലയോര പഞ്ചായത്തായ കാട്ടാക്കട മുതല്‍ നഗരാതിര്‍ത്തി പങ്കിടുന്ന വിളപ്പില്‍, പള്ളിച്ചല്‍ വരെ നീളുന്ന കാട്ടാക്കട നിയോജകമണ്ഡലം പഴയ നേമം മണ്ഡലത്തിന്റെ പുതിയ മുഖമാണ്.കാട്ടാക്കട നിയോജക മണ്ഡലം രൂപംകൊണ്ടിട്ട് ഇത് രണ്ടാമത്തെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ആദ്യജയം യു.ഡി.എഫിനായിരുന്നു. പരാജയത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് എല്‍.ഡി.എഫും ഇവിടെ വീണ്ടും പോരിനിറങ്ങുന്നു. ബി.ജെ.പി. മുന്നണിയാകട്ടെ, തങ്ങളുടെ പ്രധാന അരങ്ങുകളിലൊന്നായി ഈ മണ്ഡലത്തെ കാണുമ്പോള്‍ ജില്ലയില്‍ ശക്തമായ മത്സരത്തിന് സാധ്യതയുള്ള മണ്ഡലമാവുകയാണ് കാട്ടാക്കട. യു.ഡി.എഫിന്റെ കൈയിലായിരുന്ന വിളപ്പില്‍ പഞ്ചായത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ച ഇടതുപക്ഷം കാട്ടാക്കടയില്‍ അധികാരം നിലനിര്‍ത്തി. പക്ഷേ കൈയിലുണ്ടായിരുന്ന മാറനല്ലൂരില്‍ ബി.ജെ.പി വിജയിച്ചത് നേതൃത്വത്തിന് തിരിച്ചടിയായി. ഇരുമുന്നണികളെയും ഞെട്ടിച്ച് വിളവൂര്‍ക്കലിലും താമര വിരിയിച്ച് ബി.ജെ.പി ശക്തി തെളിയിച്ചു. മലയിന്‍കീഴ് പഞ്ചായത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈ നേടിയെങ്കിലും ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് ജനതാദള്‍ (യു) പഞ്ചായത്ത് ഭരിക്കുന്നു.സ്പീക്കര്‍ എന്‍ ശക്തന്റെ മണ്ഡലത്തില്‍ രണ്ടാമതും മാറ്റുരക്കുന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസിന് ഇത്തവണ വിജയം കൈവരിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാതിരഞ്ഞെടുപ്പിലും ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞ മണ്ഡലമാണ് കട്ടാകട നിയോജകമണ്ഡലം. സംസ്ഥാനത്ത് അട്ടിമറി വിജയത്തിന് നീക്കങ്ങള്‍ നടത്തുന്ന ബിജെപിക്ക് കട്ടാകട മണ്ഡലം ഉറപ്പിച്ച മട്ടാണ്.മണ്ഡലത്തില്‍ സുപരിചിതനായ പികെ കൃഷ്ണദാസിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനവും ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍.

മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി ഐ ബി സതീഷ്‌ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കിയുള്ള പ്രചാരണങ്ങള്‍ ആണ് നടത്തുന്നത്.കാട്ടാക്കട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജൈവ പച്ചകൃഷിയുടെ അമരക്കാരൻ എന്നാ പേരും ഐ ബി സതീഷിനുണ്ട്.കോണ്‍ഗ്രസിനുള്ളിലെ അതൃപ്തിയും സര്‍ക്കാരിനെതിരായ ആരോപണങ്ങളും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫും പോരാട്ടത്തിന് ഒരുങ്ങുന്നത്. നഗരാതിര്‍ത്തിയോട് ചേര്‍ന്ന മണ്ഡലമാണെങ്കിലും കര്‍ഷകത്തൊഴിലാളികളും ഇടത്തരക്കാരും ഉള്‍പ്പെടുന്ന ജനവിഭാഗമാണ് ഇവിടെയുള്ളത്. അന്ധമായ രാഷ്ട്രീയ ചായ്വ് ഇവിടത്തുകാര്‍ക്കില്ല. പഴയ നേമം മണ്ഡലത്തിന്‍െറ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. ഇവിടെ കൊടിക്കല്ല, മറിച്ച് വ്യക്തിക്കാണ് വോട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിനെയും വലതിനെയും മാറിമാറി വരിച്ച ചരിത്രമാണ് ഇവിടെ കണ്ടുവരുന്നത്‌.2014-ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായിരുന്നു മേല്‍ക്കൈ. 4983 വോട്ടുകളാണ് ലോക്സഭയിലേക്ക് മത്സരിച്ച എല്‍.ഡി.എഫിലെ എ.സമ്പത്ത് കൂടുതല്‍ നേടിയത്. യുഡിഎഫി ന്‍റെ അഴിമതി തന്നെയാണ് ഇത്തവണയും ഇടത് പക്ഷം ചര്ചാവിഷയമാക്കാന്‍ ഉദ്ദേശിക്കുന്നത്.

സിറ്റിംഗ് എം എല്‍ എ യും നിയമ സഭാ സ്പീക്കറുമായ എന്‍ ശക്തന്‍ ആണ് ഇത്തവണയും ഇവിടുത്തെ യു ഡി എഫ് സ്ഥാനാര്‍ഥി.നായര്‍, നാടാര്‍ വോട്ടുകള്‍ നിര്‍ണായകമായ ഇവിടെ ജാതി സമവാക്യങ്ങള്‍ക്കും പ്രാധാന്യമുണ്ട്.കാട്ടാക്കട താലൂക്ക് യാഥാര്‍ഥ്യമാക്കാത്തതും വിളപ്പില്‍ശാലയിലെ മാലിന്യകേന്ദ്രം ജനജീവിതം ദുസ്സഹമാക്കുന്നതും ആയിരുന്നു 2011-ലെ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. ഈ സര്‍ക്കാരിന്റെ കീഴില്‍ കാട്ടാക്കട താലൂക്ക് യാഥാര്‍ഥ്യമായി. കോടതികളുടെയും സര്‍ക്കാരിന്റെയും നടപടികള്‍ കാരണം വിളപ്പില്‍ശാല മാലിന്യകേന്ദ്രം അടച്ചുപൂട്ടി. മലയിന്‍കീഴില്‍ സര്‍ക്കാര്‍ കോളേജ് വന്നു. വിളപ്പില്‍ശാലയില്‍ പോളിടെക്‌നിക്കും പ്രഖ്യാപിച്ചു. ഈ നേട്ടങ്ങളൊക്കെയാവും യു.ഡി.എഫിന്റെ പ്രധാന ആയുധങ്ങള്‍. കഴിഞ്ഞ തവണ യു.ഡി.എഫ്. 44.63 ശതമാനം വോട്ടു നേടിയാണ്‌ ഇവിടെ ജയിച്ചത്.ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വിജയം എല്‍.ഡി.എഫിനോ, യു.ഡി.എഫിനോ പ്രതീക്ഷിച്ച വിജയം ഒരിടത്തും കൈവരിക്കാന്‍ കഴിഞ്ഞില്ല. ബി.ജെ.പിക്കാവട്ടെ തിരിച്ചും.എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മാറനല്ലൂര്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളില്‍ ബി.ജെ.പി. ഭരണം നേടിയെങ്കിലും ഈ മണ്ഡലത്തിന്റെ ഭാഗമായ മലയിന്‍കീഴ്, പള്ളിച്ചല്‍, കാട്ടാക്കട എന്നീ ജില്ലാപഞ്ചായത്ത് ഡിവിഷനുകള്‍ യു.ഡി.എഫ്. തന്നെ നേടി. എന്തായാലും ഫലപ്രവചനം സാധ്യമല്ലാത്ത ഒരു മണ്ഡലം തന്നെയാണ് ഇപ്പോള്‍ കാട്ടാക്കട.

shortlink

Post Your Comments


Back to top button