KeralaNews

ജാതിയുടെ മതിലുകള്‍ തകര്‍ത്തെറിഞ്ഞ് സരിത്തും മഞ്ജുവും ഒന്നായി

മാനന്തവാടി: സ്വസമുദായത്തില്‍ നിന്നുള്ളവരെ മാത്രമേ വിവാഹം ചെയ്യാവൂ എന്ന കീഴ്‌വഴക്കം ലംഘിച്ച് സരിത്ത് മഞ്ജുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി. ആദിവാസി സമൂഹത്തിനിടയില്‍ കാലങ്ങളായി നിലനിന്ന ജാതിയുടെ വേലിക്കെട്ടാണ് ഇവര്‍ പൊളിച്ചെറിഞ്ഞത്. അടിയ വിഭാഗത്തിന്റെ ആചാരത്തിന്റെ ഭാഗമായ ഗദ്ദികയെ ജനകീയവത്കരിച്ച, അന്തരിച്ച പി.കെ. കാളന്റെ മകന്‍ കരിയനാണ് തന്റെ മകന്‍ സരിത്തിനെക്കൊണ്ട് പണിയ സമുദായത്തില്‍നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യിപ്പിച്ചത്.

ഇരുവിഭാഗങ്ങളും തമ്മില്‍ വിവാഹം പതിവില്ലാത്തതാണ്. തൃശ്ശിലേരി വരിനിലം കൈതവള്ളി കോളനിയില്‍ താമസിക്കുന്ന കരിയന്റെ ഭാര്യ സരോജിനിയാണ് പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിലെ മണിയുടെയും തങ്കയുടെയും മകള്‍ മഞ്ജുഷയെ മകനായി കണ്ടത്തെുന്നത്.

പക്ഷേ, പണിയ സമുദായമായതിനാല്‍ ആദ്യം ആശങ്കയുണ്ടായിരുന്നു. കരിയനോട് കാര്യം പറഞ്ഞപ്പോള്‍ പൂര്‍ണ സമ്മതം. മകന്റെ സമ്മതം കൂടിയായപ്പോള്‍ മഞ്ജുഷയുടെ വീട്ടിലെത്തി വിവാഹമാലോചിച്ചു. മറ്റൊരു സമുദായത്തിലേക്ക് കുട്ടിയെ കൊടുക്കുന്നതിനോട് അവര്‍ക്കും ഇഷ്ടക്കേടില്ല. ഞായറാഴ്ച രാത്രി വരനും സംഘവും വധൂഗൃഹത്തില്‍ എത്തി. പണിയ ആചാരപ്രകാരമുള്ള വട്ടക്കളി, തുടിതാളം തുടങ്ങിയവയോടെയുള്ള വിവാഹച്ചടങ്ങുകള്‍ നടത്തിയാണ് വരനും സംഘവും തിരിച്ചുപോയത്.

വീണ്ടും തിങ്കളാഴ്ച രാവിലെയെത്തി ഹിന്ദു ആചാരപ്രകാരം നിലവിളക്കും നിറപറയും സാക്ഷികളാക്കി സരിത്ത് മഞ്ജുഷയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. തൃശ്ശിലേരി ക്ഷേത്രത്തിലെ നാരായണ അഡിഗയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. കരിയന്റെ ഏകമകനായ സരിത്ത് നല്ലൂര്‍നാട് അംബേദ്കര്‍ ഹോസ്റ്റലിലെ താല്‍ക്കാലിക വാച്ചറാണ്. മഞ്ജുഷ ആറാട്ടുതറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പഌ് ടു പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനുള്ള ഒരുക്കത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button