സുജാത ഭാസ്കര്‍
തിരുവമ്പാടി ക്ഷേത്രത്തില്‍ പകല്‍ 11.30നും 12നും ഇടയ്ക്കും പാറമേക്കാവ് ക്ഷേത്രത്തില്‍ 12.50നുമാണ് കൊടിയേറ്റം.എഴുന്നള്ളിപ്പിന്റെ അകമ്പടിയില്‍ പ്രദക്ഷിണവഴിയിലെ നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടി വിഭാഗക്കാരും ക്ഷേത്രത്തിനകത്തെ പാലമരത്തിലും മണികണ്ഠനാലിലും പാറമേക്കാവ് വിഭാഗവും പൂരക്കൊടി ഉയര്‍ത്തും.
പൂരത്തില്‍ പങ്കാളികളായ കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം വിവിധ സമയങ്ങളിലായിഇന്ന് തന്നെ നടക്കും. കൊടിയേറ്റം കഴിഞ്ഞ് ഏഴാംനാളാണ് പൂരം നടക്കുന്നത്.തിരുവമ്പാടി വിഭാഗമാണ് ആദ്യം കൊടിയേറ്റുക. രാവിലെ 11.30നും 12നും ഇടയില്‍ പാരമ്പര്യ അവകാശികള്‍ ഭൂമിപൂജ നടത്തിയ ശേഷം കവുങ്ങിന് കൊടി മരത്തില്‍ കൊടിക്കൂറ കെട്ടും. തുടര്‍ന്ന് ദേശക്കാരാണ് കൊടിയേറ്റ് നടത്തുക.
പാറമേക്കാവ് ക്ഷേത്രത്തില്‍ ചെമ്പില്‍ കുട്ടന്‍ ആശാരി കൊടിമരമൊരുക്കും. ക്ഷേത്രത്തിലെ കൊടിയേറ്റത്തിനുശേഷം തട്ടകക്കാര്‍ മണികണ്ഠനാലിലും കൊടി ഉയര്‍ത്തും. അഞ്ചാനകളുടെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പിന് പാറമേക്കാവ് പത്മനാഭന്‍ തിടമ്പേറ്റും. മേളത്തിന് പെരുവനം കുട്ടന്‍മാരാര്‍ പ്രാമാണികത്വം വഹിക്കും. കിഴക്കേ ഗോപുരം വഴി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന എഴുന്നള്ളിപ്പ് പടിഞ്ഞാറേ ഗോപുരനടയില്‍ സമാപിക്കും. തുടര്‍ന്ന് കൊക്കര്‍ണിയില്‍ ആറാട്ട്. . പാറമേക്കാവിനും തിരുവമ്പാടിക്കും പുറമെ എട്ട് ദേശങ്ങളിലും നാളെ പൂരത്തിന്റെ കൊടിക്കൂറകളുയരും. ഇതോടെ നാടും നഗരവും പൂരത്തിമിര്‍പ്പിലേക്കുള്ള പ്രയാണം തുടങ്ങും.പതിനേഴ്, 18 തീയതികളിലാണ് തൃശൂര്‍ പൂരം. 17ന് രാവിലെ ചെറുപൂരങ്ങളോടെ തുടങ്ങി പിറ്റേന്ന് ഉച്ചയ്ക്ക് പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാരുടെ ഉപചാരം ചൊല്ലലോടെ അവസാനിക്കുന്ന 30 മണിക്കൂര്‍ നീളുന്നതാണ് പൂരാഘോഷം. 15നാണ് സാമ്പിള്‍ വെടിക്കെട്ട്.
വെടിക്കെട്ടപകടത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായിട്ടാണ് കൊടിയേറ്റത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് വേണ്ടെന്ന് വച്ചതെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. പൂരം വെടിക്കെട്ട് നടത്തിപ്പിനെ സംബന്ധിച്ചും പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും അവലോകനം ചെയ്യുന്നതിന് ജില്ലാ കലക്‌ടര്‍ ഇന്നു യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വൈകിട്ട് മൂന്നിന് തൃശൂര്‍ കലക്‌ടറേറ്റിലാണ് യോഗം. റവന്യൂ, പോലീസ്, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുക്കും. 15-നാണ് തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്. 17-നാണ് തൃശൂര്‍ പൂരം.
എന്താണ് തൃശൂര്‍ പൂരം..
പൂരങ്ങളുടെ പൂരം എന്ന് അറിയപ്പെടുന്ന പ്രശസ്തമായ പൂരം ആണ് തൃശൂര്‍ പൂരം. കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. സാംസ്‌കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെ പൂരം കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകള്‍ വര്‍ഷം തോറും തൃശ്ശൂരില്‍ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍ൂരം ആഘോഷിക്കുന്നത്.കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്
ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
ചരിത്രം
ശക്തന്‍ തമ്പുരാന്റെ കാലത്ത് കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്‍മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളിലെ സംഘങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന്‍ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ 1797 മേയില്‍ (977 മേടം) തൃശൂര്‍ പൂരം ആരംഭിച്ചു. പൂരത്തിലെ പ്രധാന പങ്കാളികള്‍ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവും തിരുവമ്പാടിയുമാണ്.
ഉത്സവം
തൃശൂര്‍ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥന്‍ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. തിരുവമ്പാടിപാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. പൂരത്തിന്റെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാര്‍ക്കാണ്. തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ കൃഷ്ണനാണെങ്കിലും പൂരത്തില്‍ അവിടത്തെ ഒരു ഉപദേവതയായ ഭഗവതിയാണ് പൂരത്തില്‍ പങ്കെടുക്കുന്നത്. എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുന്നാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണൂ അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങള്‍ക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങള്‍ക്കു അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നൈതിലക്കാട്ട് ഭഗവതി. ലാലൂര്‍ ഭഗവതി, പനയ്‌ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളില്‍ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികള്‍, പൂജാക്രമങ്ങള്‍ എന്നിവയാല്‍ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതില്‍ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകള്‍ ആണ്. കേവലം ദൃശ്യശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളില്‍ നടക്കുന്നത്.
Post Your Comments