റിയാദ്: സൗദി അറേബ്യയുടെയും ഈജിപ്തിന്റെയും സഹകരണം സാമ്പത്തിക രംഗത്തെ വന്‍ കുതിപ്പിന് കാരണമാവുമെന്ന് സല്മാന് രാജാവ്. ഈജിപ്തില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന സല്മാന് രാജാവ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യമായാണ് ഒരു അറബ് രാഷ്ട്രത്തലവന് ഈജിപ്ത് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. അറബ് ലോകത്തെ പ്രമുഖരായ സൗദിയും ഈജിപ്തും കൈകോര്‍ക്കുന്ന 6000 കോടി റിയാല്‍ പദ്ധതി ഈ കുതിപ്പിന്റെ തുടക്കമാണെന്നും രാജാവ് പറഞ്ഞു. ഏഷ്യ, ആഫ്രിക്ക വന്‍കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കിങ് സല്മാന് കടല്പാലം ഈ കുതിപ്പിന്റെ ഭാഗമാണ്. രണ്ട് വന്‍കരകള്‍ക്കിടയിലെ കവാടമായി സൗദിയും ഈജിപ്തും മാറുന്നതിന് ചരിത്രം സാക്ഷ്യം വഹിക്കും. നിരവധി തൊഴിലവസരങ്ങള്‍ തുറക്കാന്‍ സീന പദ്ധതി കാരണമാവും. സീന കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സ്വതന്ത്ര വാണിജ്യ മേഖല പുതിയ ചക്രവാളം തുറക്കുമെന്നും സല്മാന് രാജാവ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് ഈജിപ്ത് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തെ ചെറുക്കുന്നതിലും ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ സഹകരണമാണ് നിലവിലുള്ളത്. സാമ്പത്തിക, സൈനിക, മാധ്യമ, ചിന്താപരമായ രംഗത്തുള്ള സഹകരണം ഈ ലക്ഷ്യം നേടാന്‍ അനിവാര്യമാണ്. ഇസ്ലാമിക സഖ്യസേന രൂപപ്പെട്ടതും അറബ് ഐക്യസേന രൂപപ്പെടുത്താനുള്ള ശ്രമവും ഈ നീക്കത്തിന്റെ ഭാഗമാണെന്നും സല്മാന് രാജാവ് വ്യക്തമാക്കി.
സൗദിയുടെ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങള്‍ക്ക് ഈജിപ്ത് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. ഇസ്ലാമിക സഖ്യസേനയില്‍ ഈജിപത് അംഗമായത് ഇതിന്റെ ഭാഗമാണെന്ന് പാര്‍ലമെന്റ് മേധാവി ഡോ. അലി അബ്ദുല്‍ ആല് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സൗദി രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് മുതല്‍ ആരംഭിച്ച സൗഹൃദം സല്മാന് രാജാവിന്റെ കാലത്ത് പൂര്‍വാധികം ശക്തിപ്രാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദിയെ പ്രതിനിധീകരിച്ച് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഈജിപ്തിനെ പ്രതിനിധീകരിച്ച് ഇന്‍വസ്റ്റ്മെന്റ് മന്ത്രി ദാലിയ ഖൂര്ഷിദുമാണ് കരാര്‍ ഒപ്പുവെച്ചത്. ശുദ്ധജല പ്ളാന്റ്, സീന റിസോര്‍ട്ട്, 90 കി.മീറ്റര്‍ വികസന പദ്ധതി, 61 കി.മീറ്റര്‍ തീരദേശ റോഡ്, താബ റോഡ് നിര്‍മാണം, തൂര്‍ നഗരത്തിലെ കിങ് സല്മാന് സര്‍വകലാശാല, അല്‍ജദ്യ് റോഡ് നിര്‍മാണം, 13 കാര്‍ഷിക പദ്ധതികള്‍, കനാല്‍ നിര്‍മാണം എന്നിവ ഉള്‍പ്പെടുന്ന പദ്ധതികളാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. കൂടാതെ വൈദ്യുതി ഉല്പാദനത്തിനുള്ള നാല് കരാറുകള്‍, ഭവന നിര്‍മാണ രംഗത്ത് 18ലധിക കരാറുകള്‍, അരാംകോ പൈപ്ലൈന് പദ്ധതി, സീനയില്‍ ദാജിന വില്ളേജ് എന്നിവയും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ചെങ്കടലില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായിരുന്ന തിറാന്‍, സനാഫിര്‍ ദ്വീപുകള്‍ സൗദി അറേബ്യയ്ക്ക് വിട്ടു നല്‍കാനും ഇരുരാജ്യങ്ങളിലെയും ഭരണ തലവന്മാര് നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.
Post Your Comments