ഓരോ കുഞ്ഞിന്റെയും നിറവാര്‍ന്ന പുഞ്ചിരിമൊട്ടുകള്‍ക്കുള്ളിലാണ് സ്വര്‍ഗ്ഗമെന്ന് പറഞ്ഞത് ആരാണ്? അതാരായാലും പറഞ്ഞത് നൂറു ശതമാനം സത്യമെന്ന് ബോധ്യപ്പെട്ടത് അവിടെ ചെന്നപ്പോഴായിരുന്നു..സായാഹ്നസൂര്യന്‍ വെയില്‍പ്പൂക്കള്‍ വിതറിനിന്നൊരു നേരത്ത് പ്രിയപ്പെട്ടവന്റെ കരംഗ്രഹിച്ചുക്കൊണ്ട് കൈനിറയെ മധുരവുമായി ആ മുറ്റത്തെത്തുമ്പോള്‍ എന്നെ എതിരേറ്റത് സ്നേഹസ്പര്‍ഷവുമായി അത് വഴി കടന്നുപോയൊരു ഇളംകാറ്റായിരുന്നു.മുറ്റത്ത് തണല്‍ വിരിച്ചുനിന്ന മരത്തില്‍ നിന്നും ഒരു കുയില്‍ മധുരമായി ഗാനം പൊഴിക്കുന്നുണ്ടായിരുന്നു അപ്പോള്‍..മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുമൂന്നു കുരുന്നുപൂക്കള്‍ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. ഞാനാദ്യമായി ആ സ്വര്‍ഗ്ഗത്തില്‍ വിരുന്നുകാരിയായിട്ടു എത്തിയത് വിവാഹം കഴിഞ്ഞ ആദ്യത്തെ ആഴ്ചയിലായിരുന്നു .പ്രണയത്തിന്റെ നാള്‍വഴികളില്‍ ഇടയ്ക്കെപ്പോഴോ എന്റെ പ്രിയതമന്‍ ആ സ്വര്‍ഗ്ഗത്തെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും മറ്റേതൊരു അനാഥാലയത്തെ പോലെയും കണ്ണീരുപ്പ് പടര്‍ന്നൊരു താള്‍ മാത്രമാവും അതെന്നാണ് ഞാന്‍ കരുതിയിരുന്നത്..തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു ഇന്റര്‍നാഷണല്‍ സ്കൂളിലെ അധ്യാപികയായി ജോലിചെയ്തിരുന്നപ്പോള്‍ അവിടുത്തെ കുട്ടികള്‍ക്കൊപ്പം തിരുവനന്തപുരത്തെ ഒട്ടുമിക്ക അനാഥമന്ദിരങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും സന്ദര്‍ശകയായിരുന്ന എനിക്ക് അതൊക്കെയും പൊള്ളുന്ന,നോവുന്ന അനുഭവങ്ങളായിരുന്നു..അത് പോലെ ഒന്നാവും ഇതെന്നേ ഞാനും കരുതിയുള്ളൂ. ചൂലൂര്‍ യോഗിനിമാതാ ബാലികാസദനത്തിലെ യാത്ര പക്ഷേ ഓര്‍മ്മകളിലെ ഏറ്റവും ഹൃദ്യമായ ഒരനുഭവമായിരുന്നു.ഇലചാര്‍ത്തിലെ കുളിര്‍ ചന്ദനം നെറ്റിയില്‍ അണിയുമ്പോഴുള്ള പറഞ്ഞറിയിക്കാനാവാത്ത ഒരു നിര്‍വൃതി പോലെയുള്ള ഒരനുഭവമായിരുന്നുവത്.
തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ചൂലൂര്‍ എന്ന കൊച്ചുഗ്രാമത്തിലാണ് യോഗിനിമാതാ ബാലികാസദനം.ഇവിടെ നിങ്ങളെ എതിരേല്‍ക്കുന്ന കാറ്റിനു പോലുമുണ്ട് ഒരു ദൈവികചൈതന്യം.ഓരോ മണല്തരിയിലും അനുഭവിച്ചറിയാന്‍ കഴിയുന്നുണ്ട് ആ ദൈവികസ്പര്‍ശം..ഇവിടെയാണ് അറുപതോളം ബാലികമാരും നാലഞ്ചു അമ്മമാരും സ്നേഹത്തിന്റെ ഒളിനിലാവ് പരത്തി വസുധൈവ കുടുംബകമെന്ന സങ്കല്പത്തെ യാഥാര്‍ത്ഥ്യമാക്കി കഴിഞ്ഞുകൂടുന്നത്.ഇവിടെ എല്ലാരും സനാഥകള്‍ മാത്രം.പൂമുഖത്ത് ഞങ്ങളെ സ്വീകരിക്കാന്‍ നിന്ന മുതിര്‍ന്ന പെണ്‍കുട്ടിയായ ശ്രുതിയുടെ മുഖത്തെ ആ പ്രകാശം വെളിവാക്കിത്തന്നിരുന്നു ബാലികാസദനത്തിലെ ജീവിതം.ഞാന്‍ മുമ്പ് പോയിട്ടുള്ള അനാഥാലയങ്ങളില്‍ ഒന്നിലും ഞാന്‍ കണ്ടിരുന്നില്ല ഇത്രയേറെ തെളിച്ചമുള്ള ഒരു മുഖവും…അവളായിരുന്നു അന്ന് അവിടുത്തെ ഏറ്റവും മുതിര്‍ന്ന പെണ്‍കുട്ടി.ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്ന ആ മിടുക്കി തന്നെയാണ് ബാലികാസദനത്തിലെ ദിനചര്യകളെ കുറിച്ച് വിശദമായി പറഞ്ഞു തന്നതും.അവളുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനുവഴങ്ങിയാണ് അത്താഴം അവിടെ നിന്നും കഴിക്കാം എന്ന് തീരുമാനിച്ചതും..പ്രധാനഹാളില്‍ പ്രവേശിച്ചപ്പോള്‍ ഞങ്ങളെ നോക്കി പുഞ്ചിരിപ്പാല്‍ പൊഴിച്ചുക്കൊണ്ട് നാലുവയസ്സുകാരി മുതല്‍ അറുപതു കഴിഞ്ഞ ലളിതമ്മ വരെ “നമസ്തേ” പറഞ്ഞു സ്വീകരിച്ചു.ഹൃദയം നിറഞ്ഞുതുളുമ്പിയ ഒരു നിമിഷമായിരുന്നുവത്.അവിടെയപ്പോള്‍ സന്ധ്യാവന്ദനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നതിനാല്‍ എല്ലാവരും ഉണ്ടായിരുന്നു . ഞങ്ങള്‍ അവര്‍ക്കായി കൊണ്ട് ചെന്ന ലഡുവും മിട്ടായികളും ഓരോരുത്തരുടെ കൈകളിലും ഏല്‍പ്പിക്കുമ്പോള്‍ ഓരോരുത്തരും നന്ദി പറഞ്ഞു വാങ്ങി.ഒരാള്‍ക്ക് പോലും തിടുക്കം ഇല്ലായിരുന്നു.തിക്കും തിരക്കും കൂട്ടാതെ ചിരിച്ചുകൊണ്ട് അവര്‍ ഞങ്ങളില്‍ നിന്നും വാങ്ങിയ സമ്മാനപ്പൊതികള്‍ കാട്ടിത്തരുന്നത് ബാലികാസദനത്തിലെ കുട്ടികളുടെ മികച്ച അച്ചടക്കബോധം കൂടിയാണ്. നിലത്തുവിരിച്ച പുല്‍പ്പായയില്‍ മൂന്നു നിരയായിചമ്രം പടിഞ്ഞിരുന്നുക്കൊണ്ട് അവര്‍ സന്ധ്യാപ്രാര്‍ത്ഥന തുടങ്ങിയപ്പോള്‍ ഒരു മാത്ര ഭൂമി പോലും ധ്യാനനിമഗ്നയായിയെന്നു തോന്നിപോയി..ഏറ്റവും ഇളയ മകള്‍ തൊട്ടു മുതിര്‍ന്ന മകളും അമ്മമാരും ചേര്‍ന്ന് നടത്തുന്ന ആ സന്ധ്യാപ്രാര്‍ത്ഥന കേള്‍ക്കാതിരിക്കാന്‍ ഏതു ദൈവത്തിനാണ് കഴിയുക?അരമണിക്കൂര്‍ നേരമാണ് സന്ധ്യാപ്രാര്‍ത്ഥന.അതിനു ശേഷം അത്താഴം..അത്താഴം വിളമ്പുന്നതും മക്കളും അമ്മമാരും ചേര്‍ന്നാണ്.തികഞ്ഞ നിശബ്ദതയില്‍ രുചിയേറിയ ചോറും കറികളും കഴിക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുകയായിരുന്നു ഭൂമിയിലെ സ്വര്‍ഗ്ഗത്തെ..ഒരിക്കല്‍ വന്നുപോയാല്‍ പിന്നെ ഇവിടെ വരാതിരിക്കാനാവില്ല തന്നെ.അത് കൊണ്ട് തന്നെയാവും എല്ലാ കൊല്ലവും നാട്ടിലെത്തുന്ന എണ്ണിചുട്ടദിവസങ്ങളില്‍ പോലും ഞാനും പ്രഭീഷും മുടങ്ങാതെ ഇവിടെ എത്തുന്നത്.കഴിഞ്ഞ പ്രാവശ്യം പോയപ്പോള്‍ സദനം ഒരു കല്യാണത്തിനുള്ള ഒരുക്കത്തിലായിരുന്നു.മൂത്ത മകളായ ശ്രുതിയുടെ കല്യാണത്തിനായിട്ടുള്ള കൊണ്ട് പിടിച്ച തിരക്കിലായിരുന്നു എല്ലാവരും.
ചൂലൂര്‍ ബാലികാസദനം ആരംഭിക്കുന്നത് 2007 ഒക്ടോബര്‍ 20നാണ്..ബാല്യദശയില്‍ നില്‍ക്കുന്ന ഈ സദനത്തില്‍ തുടക്കത്തില്‍ അന്തേവാസികളായി എത്തിയത് അഞ്ചുപേരാണ്.ഇന്ന് അറുപതിലേറെ കുട്ടികളും നാലിലേറെ അമ്മമാരും അഭയത്തിന്റെയും സ്നേഹത്തിന്റെയും തണല്‍ക്കൂട്ടിനുള്ളില്‍ പാറിപറക്കുന്നു.ഇവിടുത്തെ ചെലവുകള്‍ എങ്ങനെ കണ്ടെത്തുന്നുവെന്നു എന്റെ ബാലിശമായ ചോദ്യം കേട്ട് നിസ്വാര്‍ത്ഥസേവകരായ ഇതിന്റെ നടത്തിപ്പുകാരില്‍ ഒരാളായ ശ്രീ.തിലകന്‍ ചേട്ടന്‍ വെളുക്കെ ചിരിച്ചു.എന്നിട്ട് പറഞ്ഞു-“ഈശ്വരന്‍ നടത്തുന്നു”.ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മനുഷ്യത്വം നശിച്ചിട്ടില്ലാത്ത മലയാളികള്‍ ഇവിടെയ്ക്ക് സഹായം എത്തിക്കുന്നു.അതില്‍ രാഷ്ട്രീയമതവ്യത്യാസങ്ങള്‍ ഒട്ടുമേ ഇല്ല തന്നെ.
രാഷ്ട്രീയമതവൈരങ്ങള്‍ ഇവിടെ അന്യം
അതിന്റെ ചില മികച്ച ഉദാഹരണങ്ങള്‍ ഇതാ…2016 ജനുവരിയില്‍ വിവാഹിതയായ ഇവിടുത്തെ മൂത്ത മകള്‍ ശ്രുതിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ള ആയിരങ്ങള്‍.അവരില്‍ എല്ലാ മതത്തിലും രാഷ്ട്രീയപാര്‍ട്ടിയിലും ഉള്ളവര്‍ ഉണ്ടായിരുന്നു.ശ്രുതിയുടെ വിവാഹത്തിനു തലേനാള്‍ സഹായവുമായി അടുത്തുള്ള തളിക്കുളം പഞ്ചായത്തിലെ യത്തീംഖാനയിലെ ആണ്‍കുട്ടികള്‍ എത്തിയത് മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച കാഴ്ച.അതുപോലെതന്നെയാണ് ഈ മാസം (2016 ഏപ്രിലില്‍) വിവാഹിതരായ തൃത്തല്ലൂര്‍ കെ എം എച്ച് എം അനാഥാലയത്തിലെ ബീഫാത്തുമ്മയ്ക്കും ഫെമിനയ്ക്കും സമ്മാനവുമായി ഇവിടുത്തെ കുട്ടികളും അമ്മമാരും അവിടെ എത്തിയതും മറ്റൊരു സൌഹാര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ച.ശ്രുതിയുടെ വിവാഹത്തിനു പുടവ സമ്മാനമായി നല്‍കിയത് കോണ്‍ഗ്രസ് നേതാവ് ശ്രീമാന്‍ വി എം സുധീരന്‍..കഴിഞ്ഞ വര്‍ഷത്തെ ഓണവും ക്രിസ്തുമസ്സും കുട്ടികള്‍ക്കൊപ്പം ആഘോഷിക്കാന്‍ എത്തിയതാകട്ടെ എം എല്‍ എമാരായ ശ്രീമതി ഗീതാഗോപിയും ശ്രീമാന്‍ ടി എന്‍ പ്രതാപനും….കേരളത്തിലെ ഒട്ടുമിക്ക ബി ജെ പി-ആര്‍ എസ് എസ് നേതാക്കന്മാരും ഇവിടുത്തെ സ്ഥിരം സന്ദര്‍ശകര്‍.
ഈ സ്വര്‍ഗ്ഗത്തിലെ ദിനചര്യകള്‍
ആര്‍ഷഭാരതസംസ്കാരത്തിന്റെ എല്ലാ നന്മകളും കുട്ടികളില്‍ എത്തിക്കുന്ന രീതിയിലാണ് ഇവിടുത്തെ ദിനചര്യകള്‍ ഓരോന്നും.നമ്മുടെ പൈതൃകവും സംസ്കാരവും പാരമ്പര്യവും കുട്ടികളില്‍ ഊട്ടിയുറപ്പിക്കുവാന്‍ വളരെയേറെ ശ്രദ്ധിക്കുന്നുണ്ട് ഇതിന്റെ സാരഥികള്‍.സംസ്കൃത പഠനവും യോഗയും ഇവിടെ നിര്‍ബന്ധം..രാവിലെ അഞ്ചു മണിക്ക് ഉറക്കമുണരുന്ന മക്കള്‍ അഞ്ചരയ്ക്കുള്ള ധ്യാനവും സൂര്യനമസ്കാരവും യോഗയും കഴിഞ്ഞു ആറുമണിയോട് കൂടി പഠനം ആരംഭിക്കുന്നു.ഏഴു മുപ്പതിന് പ്രഭാത ഭക്ഷണം കഴിഞ്ഞു അവര്‍ വിദ്യാലയങ്ങളിലേക്ക് ഗമിക്കുന്നു.അവിടെ നിന്നും സദനത്തില്‍ തിരികെയെത്തുന്ന കുട്ടികള്‍ നാലരമണിക്കുള്ള ചായയും ലഘുഭക്ഷണത്തിനും ശേഷം ആറുമണിവരെ കളിക്കുന്നു.ശേഷം സന്ധ്യാവന്ദനവും ഭജനയും സംഗീതസാധനയും.ഏഴരയോടെ അത്താഴം വിളമ്പുന്നു.ശേഷം ഒന്‍പതു മണിവരെ പഠനം.ഒന്‍പതു മണിക്ക് ദൈവദശകം ചൊല്ലി വിളക്കണയ്ക്കുന്നു.അവധിദിവസങ്ങളില്‍ സംസ്കൃത പഠനവും സംഗീതപഠനവും സാംസ്കാരിക-കലാപഠനവും സ്വാദ്ധ്യായവും.ഇതില്‍ സ്വാദ്ധ്യായത്തില്‍ ദേശഭക്തിഗാനങ്ങള്‍ക്കും സംസ്കൃതശ്ലോകങ്ങള്‍ക്കും പുസ്തകവായനയ്ക്കും മുന്‍തൂക്കം..
പ്രകൃതി പഠനവും ബാലികാസദനവും
പ്രകൃതിയില്ലെങ്കില്‍ മനുഷ്യനോ ഭൂമിയോ ഇല്ലെന്നു കുട്ടികളെ ബോധവാന്മാരാക്കുകയാണ് ബാലികാസദനത്തിന്റെ പ്രഥമ ലക്‌ഷ്യം.ഇവിടുത്തെ ജൈവകൃഷി അതിന്റെ മികച്ച ഉദാഹരണം.സമൃദ്ധി കാര്‍ഷിക പദ്ധതി പ്രകാരം ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയിലെ കാര്‍ഷികവിഭവങ്ങളാണ് ഇവിടുത്തെ അടുക്കളയില്‍ രുചിക്കൂട്ട് തീര്‍ക്കുന്നത്.പ്രകൃതിയിലെ സകലജീവികളെയും സ്നേഹിക്കുകയും സംരക്ഷിക്കകയും വേണമെന്ന ഉത്തമപാഠം ഇവിടുത്തെ ഓരോ കുട്ടികളിലും നന്നായി വേരോട്ടം നടത്തിയിട്ടുണ്ട്.അങ്ങാടിക്കുരുവി ദിനത്തില്‍ പറവകള്‍ക്ക് ഒരു പിടി ധാന്യമെന്ന ആശയത്തിലൂടെ ഇവര്‍ സമൂഹത്തിനു കാട്ടിത്തരുന്നത് ഉത്തമമാതൃകയാണ് .ബാലികാസദനത്തില്‍ തന്നെയുള്ള ഗോശാല കുട്ടികള്‍ക്ക് നല്‍കുന്നത് ഗോസംരക്ഷണത്തിന്റെ ബാലപാഠങ്ങള്‍..ഈ ഗോശാലയിലെ ഗോക്കളെ പരിപാലിക്കുന്നതും ഇവിടുത്തെ മക്കളും അമ്മമാരും തന്നെയാണ്.അവയില്‍ നിന്നും കിട്ടുന്ന പാലും നെയ്യും വെണ്ണയും തൈരും കുട്ടികള്‍ക്ക് നല്‍കുന്നു..
സാമൂഹ്യബോധം കുട്ടികളില്‍
കുട്ടികളെ സാമൂഹ്യപ്രതിബദ്ധതയുടെ പാഠങ്ങള്‍ പഠിപ്പിച്ചുകൊണ്ട് മാനവ സേവയാണ് ഏറ്റവും ശ്രേഷ്ഠതയേറിയ കര്‍മ്മമെന്നു പഠിപ്പിച്ചു,നാളെയുടെ മികച്ച വാഗ്ദാനമാക്കാന്‍ ഉതകുന്ന പഠനരീതിയാണ് ഇവിടെ.അതിന്റെ ഭാഗമായി എല്ലാ കൊല്ലവും പ്രീ-മണ്‍സൂണ്‍ ബോധവല്‍ക്കരണ ക്ലാസുകളും രക്തദാന ക്യാമ്പുകളും മെഡിക്കല്‍ ക്യാമ്പുകളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്.വയോജനദിനത്തില്‍ ഇവിടുത്തെ അമ്മമാരെ കുട്ടികള്‍ ആദരിക്കുന്നത് മറ്റൊരു മനോഹരമായ കാഴ്ചയാണ്.
പ്രിയരേ,വാക്കുകള്‍ക്കതീതമാണ് ഈ സ്വര്‍ഗ്ഗത്തിലെ ഓരോ കാഴ്ചയും.ഇതൊരു അനാഥാലയമോ അഗതിമന്ദിരമോ അല്ല.മറിച്ചു ഒരു കൂട്ടം മന്ദാരപൂക്കള്‍ പൂത്തുലയുന്ന ഒരു സദനമാണ്.ഇവിടെ കാണാന്‍ കഴിയുക ആത്മവിശ്വാസത്തിന്റെ പരിമളം ചൊരിഞ്ഞുകൊണ്ട് പുഞ്ചിരിയോടെ തലയുയര്‍ത്തിപ്പിടിച്ച് വിടരാന്‍ തുടങ്ങുന്ന കുറെയേറെ മന്ദാരമലരുകളെയും മാതൃത്വത്തിന്റെ മകരന്ദം ആവോളം പകരാന്‍ കഴിയുന്ന കുറച്ചു അമ്മമാരെയുമാണ്.സാമൂഹികസേവനമെന്നത് ഐച്ഛികമായി ലഭിക്കുന്ന മനശാന്തിയാണ്. ഒരു കൂട്ടം അനാഥകള്‍ എന്ന ചട്ടക്കൂട്ടിലൊതുക്കാതെ നമ്മുടെ മക്കളും സഹോദരികളും അമ്മമാരുമാണ് ഇവിടെയെന്നും അവരെക്കാണാന്‍ പോകേണ്ടതും അവരുടെ കാര്യങ്ങള്‍ നോക്കേണ്ടതും നമ്മുടെ കടമയാണെന്നും തോന്നുന്നവര്‍ക്കു മാത്രം പോകേണ്ട ഒരു ആലയമാണ് ചൂലൂര്‍ യോഗിനിമാതാ ബാലികാസദനം..കാരണം ഇവിടെയുള്ളവര്‍ക്ക് വേണ്ടത് നമ്മുടെ സഹതാപം അല്ല.മറിച്ചു സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇവരെ പ്രാപ്തരാക്കുന്നതിനുള്ള ഒരു കൈത്താങ്ങ് മാത്രമാണ്..നിലവിലുള്ള കെട്ടിട്ടം കൂടുതല്‍ മക്കള്‍ക്കും അമ്മമാര്‍ക്കും അഭയമൊരുക്കുന്നതിനു പ്രാപതമല്ല.ബാലികാസദനത്തോട് ചേര്‍ന്ന് തന്നെ ഒരു മാതൃസദനം പണിയാനുള്ള ഒരുക്കത്തിലാണ് ഇതിന്റെ സാരഥികള്‍.അതിനു മുന്നോടിയായി ഇരുപത്തെട്ടു സെന്റ് സ്ഥലം വാങ്ങിക്കഴിഞ്ഞു.ഉറ്റവരും ഉടയോരും ഉപേക്ഷിച്ച അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി സ്വാമി വിവേകാനന്ദന്റെ മാതാവായ ഭുവനേശ്വരിയുടെ പേരില്‍ ഒരു മാതൃസദനം പണിയുകയെന്ന സ്വപ്നവുമായി മുന്നിട്ടറങ്ങിയിരിക്കുന്ന ഇവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്.”അമ്മയ്ക്കൊരു മകള്‍ മകള്‍ക്കൊരമ്മ” എന്ന ആപ്തവാക്യം അന്വര്‍ത്ഥമാക്കുവാന്‍ നമ്മള്‍ കൂടി വേണ്ടേ ഇവര്‍ക്കൊപ്പം…ആര്‍ എസ് എസ്സെന്നും ശാഖയെന്നും രാഖിയെന്നും കേള്‍ക്കുമ്പോള്‍ വര്‍ഗ്ഗീയതയുടെ മഷിക്കറുപ്പും വാളും ശൂലവും മാത്രം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ കണ്ടിരിക്കേണ്ടതാണ് സേവാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സേവനത്തിന്റെ നിസ്വാര്‍ത്ഥമാതൃകയായ ഇത്തരം ബാലികാസദനങ്ങള്‍.
യോഗിനിമാതാ ബാലികാസദനം,
ചൂലൂര്‍ പി ഓ,വലപ്പാട് -680567
തൃപ്രയാര്‍,തൃശൂര്‍.
ഫോണ്‍- 0480-2870666,9447772332.
Post Your Comments