റിയാദ്: മറ്റു രാജ്യക്കാര്‍ക്കു സൗദി അറേബ്യയില്‍ സ്ഥിരതാമസാനുമതി നല്‍കുന്നതു ഭരണകൂടത്തിന്റെ പരിഗണനയില്‍. യു.എസ് ആസ്ഥാനമായ ബ്ലൂംബെര്‍ഗ് ന്യൂസിനു സൗദി ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും യു.എസിലെ ഗ്രീന്‍കാര്‍ഡ് മാതൃകയിലുള്ള സംവിധാനമാണു പരിഗണിക്കുന്നതെന്നാണു സൂചന.
എണ്ണ വരുമാനം കുറയുന്നതിനാല്‍ എണ്ണയിതര മേഖലയില്‍നിന്നു വരുമാനം കണ്ടെത്താനായി സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ പാതയിലാണു സൗദി. അത്തരമൊരു സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങള്‍ക്കനുസൃതമായാകും വിദേശികളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുക. നിലവില്‍ സൗദി അറേബ്യയില്‍ ഒരുകോടിയിലേറെ വിദേശികളുണ്ട്. കെട്ടിടനിമാണം ഉള്‍പ്പെടെയുള്ള മേഖലകളിലായി അവിദഗ്ധ തൊഴിലാളികളാണു വന്‍തോതിലുള്ളത്. ഇവരിലേറെയും ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. വിദ്യാസമ്പന്നരായ പ്രഫഷണലുകളെ സ്ഥിരതാമസാനുമതി വഴി ആകര്‍ഷിക്കാനായിരിക്കും സൗദി ശ്രമിക്കുക. സ്വദേശികള്‍ക്കു മതിയായ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ടുതന്നെ, നിലവിലെ രീതിയില്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും അനുവദിച്ചേക്കും.
ഓരോ തൊഴില്‍ദാതാവും നിര്‍ദിഷ്ട ക്വാട്ടയിലധികം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ പ്രത്യേക ഫീസ് നല്‍കണം. സ്ഥിരതാമസാനുമതി, കൂടുതല്‍ റിക്രൂട്ട്‌മെന്റിന് അനുമതി എന്നിവ വഴി പ്രതിവര്‍ഷം 1000 കോടി ഡോളര്‍ വരുമാനം നേടാനാകുമെന്നാണു കണക്കുകൂട്ടല്‍. 2020 ആകുന്നതോടെ എണ്ണയിതര വരുമാനം മൂന്നിരട്ടിയാക്കാനാണു സൗദി ലക്ഷ്യമിടുന്നത്.
നിലവിലുള്ള സബ്‌സിഡി സംവിധാനം പുനഃസംഘടിപ്പിക്കും. മൂല്യവര്‍ധിത നികുതി, ആഡംബര നികുതി എന്നിവയിലൂടെയും കൂടുതല്‍ വരുമാനം ലക്ഷ്യമിടുന്നു. മൂല്യവര്‍ധിത നികുതി വഴി ആയിരം കോടി ഡോളറും സബ്‌സിഡി പുനഃസംഘടിപ്പിക്കുന്നതിലൂടെ 3000 കോടി ഡോളറും മറ്റു സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ 4000 കോടി ഡോളറും കണ്ടെത്താനാകുമെന്നാണു പ്രതീക്ഷ.
ഇത്തരം നടപടികളിലൂടെ 2020 ആകുന്നതോടെ എണ്ണയിതര വരുമാനം പ്രതിവര്‍ഷം 10,000 കോടി ഡോളര്‍ ആക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം 2500 കോടി ഡോളര്‍ വരുമാനമാണു ലക്ഷ്യമിടുന്നതെന്നു രാജകുമാരന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. എണ്ണയിതര വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം 35 % വര്‍ധനയുണ്ടായി.
Post Your Comments