Kerala

മുദ്ര വായ്പാ പദ്ധതി കേരളത്തിലെ ബാങ്കുകള്‍ അട്ടിമറിക്കുന്നു

കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര വായ്പാ പദ്ധതി കേരളത്തിലെ ബാങ്കുകള്‍ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി വ്യവസായ സെല്‍. ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സെല്‍ സംസ്ഥാന കണ്‍വീനര്‍ ഋഷി പല്‍പ്പു പറഞ്ഞു.

ഈടില്ലാതെ ലളിത വ്യവസ്ഥകളില്‍ മൈക്രോ സംരംഭകര്‍ക്ക് പത്ത് ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയാണ് മുദ്ര. ഒരു വര്‍ഷം കൊണ്ട് 1.73 കോടി ഗുണഭോക്താക്കള്‍ക്കായി 71,312 കോടി രൂപ രാജ്യത്ത് വിവിധ ബാങ്കുകള്‍ മുദ്ര ലോണ്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കുറവ് ലോണ്‍ അനുവദിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്ന് സെല്‍ സംസ്ഥാന കണ്‍വീനര്‍ ഋഷി പല്‍പ്പു പറഞ്ഞു.

മൂന്ന് തരം വായ്പകളാണ് മുദ്ര പദ്ധതിയിലുള്ളത്. 50,000 രൂപ വരെയുള്ള ശിശു ലോണ്‍, അഞ്ച് ലക്ഷം വരെയുള്ള കിഷോര്‍, പത്ത് ലക്ഷം വരെയുള്ള തരുണ്‍ എന്നിവയില്‍ ശിശു ലോണിനാണ് ഏറ്റവുധികം ആവശ്യക്കാര്‍. ചെറുകിട കച്ചവടക്കാര്‍ക്കും ലഘു സംരംഭം തുടങ്ങാനൊരുങ്ങുന്നവര്‍ക്കും കൈത്താങ്ങാകേണ്ട പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ബാങ്കുകള്‍ക്കെതിരെ ബി.ജെ.പി വ്യവസായ സെല്‍ പ്രക്ഷോഭമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2,817 കോടി രൂപ മാത്രമാണ് കേരളത്തിലെ ബാങ്കുകള്‍ വിനിയോഗിച്ചത്. ഇതില്‍ ഭൂരിഭാഗവും സ്വകാര്യ മൈക്രോ ഫിനാന്‍സ് കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു. മുദ്ര വായ്പക്കെത്തുന്ന പാവപ്പെട്ടവരെ കേരളത്തിലെ ബാങ്കുകള്‍ ആട്ടിയോടിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇതിന് കൂട്ടുനില്‍ക്കുന്നു. ആയിരക്കണക്കിന് പാവപ്പെട്ടവര്‍ക്ക് സഹായമാകേണ്ട പദ്ധതി അട്ടിമറിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെയും ധരിപ്പിക്കുമെന്നും ഋഷി പല്‍പ്പു പറഞ്ഞു.

shortlink

Post Your Comments


Back to top button