കണ്ണൂര്‍: സി.പി.എമ്മിന് കൂത്തുപറമ്പ് രക്തസാക്ഷികളുടെ ചോരവീണ് കുതിര്‍ന്ന മണ്ണാണ്. അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വെടിയേറ്റുവീണ് മരിച്ച മണ്ണില്‍ വീണ്ടും അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സിപിഎം വോട്ടുചോദിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞദിവസത്തെ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കൂത്തുപറമ്പ് സീറ്റ് ഐ.എന്‍.എല്ലില്‍നിന്ന് ഏറ്റെടുക്കാന്‍ തീരുമാനമായത്. ജില്ലാ സെക്രട്ടേറിയറ്റിനോട് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കൂത്തുപറമ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി മന്ത്രി കെ.പി.മോഹനന്‍ തന്നെയായിരിക്കും.
കൂത്തുപറമ്പില്‍ കഴിഞ്ഞതവണ ഐ.എന്‍.എല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എസ്.എ.പുതിയവളപ്പില്‍ 3,303 വോട്ടിനാണ് പരാജയപ്പെട്ടത്. പിണറായി വിജയനും പി.ജയരാജനും രണ്ടുതവണ മത്സരിച്ച് ജയിച്ച പഴയ കൂത്തുപറമ്പല്ല ഇപ്പോള്‍. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം കൂത്തുപറമ്പ് എന്ന പേര്‍ ലഭിച്ചെങ്കിലും പഴയ പെരിങ്ങളം മണ്ഡലത്തിലെ യു.ഡി.എഫ്. അനുകൂല പഞ്ചായത്തുകള്‍ ചേര്‍ന്നാണ് ഈ മണ്ഡലം രൂപപ്പെട്ടിരിക്കുന്നത്. സി.പി.എമ്മിന്റെ കൂത്തുപറമ്പ് ശക്തി അതുകൊണ്ടുതന്നെ കുത്തനെ കുറഞ്ഞിട്ടുണ്ട്. നിലവിലെ കൂത്തുപറമ്പ് മണ്ഡലം പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ കൂത്തുപറമ്പ് നഗരസഭ, കോട്ടയം മലബാര്‍, മൊകേരി പഞ്ചായത്തുകളും യു.ഡി.എഫിന് മേല്‍ക്കെയുള്ള പാനൂര്‍, പെരിങ്ങളം, തൃപ്രങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ് എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ്. ജനതാദള്‍ യു ഈ പഞ്ചായത്തുകളില്‍ ശക്തവുമാണ്. എന്നാല്‍ കഴിഞ്ഞ ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലപരിധിയില്‍ എല്‍.ഡി.എഫിനാണ് വോട്ട് കൂടുതല്‍.
Post Your Comments