Kerala

ഗുരുദാനം ഭവനപദ്ധതിയിലൂടെ ബിന്ദുവും കുട്ടികളും ജീവിതത്തിലേക്ക് മടങ്ങിവരുന്നു: നന്ദിപറയാം, എസ്.എന്‍.ഡി.പി യോട്

നെടുങ്കണ്ടം : ബിന്ദുവിനും കുട്ടികള്‍ക്കും ഇനി സുരക്ഷിതമായി ഉറങ്ങാം. മൂന്നുമുറിയും അടുക്കളയുമുള്ള വാര്‍ക്കവീടാണ് നെടുങ്കണ്ടം യൂണിയനും മലനാട് യൂണിയനും സംയുക്തമായി ഈ വിധവയ്ക്കും കുടുംബത്തിനും പണിത് നല്‍കിയത്. ഗുരുദാനം ഭവനപദ്ധതിയിലൂടെ 4 ലക്ഷം രൂപ മുടക്കി 9 മാസം കൊണ്ടാണ് വീടിന്റെ പണി പൂര്‍ത്തിയാക്കിയത്.

ഇടിഞ്ഞ് പൊളിയാറായ ഓലപ്പുരയിലായിരുന്നു മൂന്നുകുട്ടികളെയും കൊണ്ട് ബിന്ദു കഴിഞ്ഞിരുന്നത്. മൂത്ത മകന്‍ പ്രേമാനന്ദ് ആറാം ക്ലാസിലും പ്രണവാനന്ദ് നാലാം ക്ലാസിലും പഠിക്കുന്നു. ഇളയമകള്‍ പൂര്‍ണിമ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പുഷ്പകണ്ടം ശാഖയിലെ നിര്‍ദ്ധനകുടുംബാംഗമായ ബിന്ദു കൂനംതറയിലിന്റെ ഭര്‍ത്താവ് ആറുവര്‍ഷം മുമ്പാണ് അസുഖം ബാധിച്ച് മരിച്ചത്. ഇതോടെ രണ്ട് പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുള്ള കുടുംബം അനാഥമായി. ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന മൂത്ത പെണ്‍കുട്ടിയായ പൂജയ്ക്ക് പഠനത്തോടൊപ്പം കൂലിവേലയ്ക്കും പോകേണ്ട സ്ഥിതി വന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജോലി ചെയ്യുന്നത് ബാലവേലയാണെന്നും ഇക്കാര്യം പരാതിപ്പെടുമെന്നും ചില സാമൂഹ്യവിരുദ്ധര്‍ ഭീഷണിപ്പെടുത്തി. ഇതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.

കുടുംബനാഥന് പിന്നാലെ മകളും മരിച്ചതോടെ ദുരിതത്തിലായ കുടുംബത്തെ സഹായിക്കാന്‍ എസ്.എന്‍.ഡി.പി യോഗം തയ്യാറാകുകയായിരുന്നു. ഇവരുടെ കഷ്ടപ്പാടിനെക്കുറിച്ച് പുഷ്പകണ്ടം ശാഖ അറിയിച്ചതിനെ തുടര്‍ന്ന് ഇരുയൂണിയനുകളും ഈ സാധു കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഭവനത്തിന്റെ താക്കോല്‍ദാനം ഇന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗം അനില്‍ തറനിലം നിര്‍വഹിക്കും. മുമ്പ് ഒരിക്കല്‍ മലനാട് യൂണിയന്റെ കീഴില്‍ ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ വീട് പണികഴിപ്പിച്ചു നല്‍കുന്നത് ആദ്യമായാണ്. തുടര്‍ന്നും ഇത്തരം ദരിദ്ര കുടുംബങ്ങള്‍ക്ക് യോഗം കൈത്താങ്ങാകുമെന്ന് നെടുങ്കണ്ടം യൂണിയന്‍ പ്രസിഡന്റ് സജി പറമ്പത്ത് പറഞ്ഞു.

shortlink

Post Your Comments


Back to top button