Kerala

`വിഷുവിന്‌ വിഷരഹിത പച്ചക്കറി’ : 1500 കേന്ദ്രങ്ങളില്‍ വിപണികളുമായി സി.പി.ഐ (എം)

തിരുവനന്തപുരം : വിഷുപോലുള്ള ആഘോഷ സമയങ്ങളില്‍ വിഷലിപ്‌തമായ പച്ചക്കറികള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു എന്ന വിമര്‍ശനം നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവന്നിട്ട്‌ കുറച്ചു കാലമായി. ഈ പശ്ചാത്തലത്തിലാണ്‌ ജനകീയ ജൈവപച്ചക്കറികൃഷി ക്യാമ്പയിന്‌ സി.പി.ഐ (എം) രൂപം നല്‍കിയത്‌. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഓണക്കാലത്ത്‌ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്‌. ആ പദ്ധതിയുടെ തുടര്‍ച്ചയായാണ്‌ വിഷുവിന്‌ വിഷരഹിത പച്ചക്കറി എന്ന ക്യാമ്പയിന്‍ ആരംഭിച്ചത്‌.

വിഷുവിന്‌ പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നവംബറില്‍ തന്നെ ആരംഭിച്ച്‌ കഴിഞ്ഞിരുന്നു. 25,000 ഏക്കറോളം സ്ഥലത്ത്‌ പച്ചക്കറി വിളവെടുക്കാനായിട്ടുണ്ട്‌. ഇതിനകം സംസ്ഥാനത്ത്‌ 91 വിപണികള്‍ ആരംഭിച്ച്‌ കഴിഞ്ഞിട്ടുണ്ട്‌. ഏപ്രില്‍ ആദ്യവാരത്തോടെ വ്യാപകമായ തോതില്‍ ഉല്‍പാദനം ആരംഭിക്കും. ഇവ പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും ഇതിന്‌ സമാന്തരമായി ഒരുക്കുന്നുണ്ട്‌. സഹകരണസംഘങ്ങളേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീയുടേയും സഹായത്തോടു കൂടിയാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. ഒരു പ്രദേശത്ത്‌ കൂടുതലായി ഉല്‍പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ ശേഖരിക്കാനും കുറവുള്ള ജില്ലകളില്‍ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണവും ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്‌.

ഉത്സവസമയങ്ങളില്‍ വമ്പിച്ച വിലക്കയറ്റം അനുഭവപ്പെടുന്ന സ്ഥിതി കേരളത്തിലുണ്ട്‌. ഇക്കാര്യത്തില്‍ പൊതുമാര്‍ക്കറ്റില്‍ ഇടപെടേണ്ട സംസ്ഥാന സര്‍ക്കാരാവട്ടെ നോക്കുകുത്തിയായി നില്‍ക്കുകയാണ്‌. സര്‍ക്കാരിന്റെ ഈ നിസംഗാവസ്ഥ ജനങ്ങളില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട്‌ പരിഹരിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്‌. ഉത്സവകാലത്ത്‌ ജനങ്ങള്‍ അനുഭവിക്കുന്ന ചൂഷണങ്ങളില്‍ നിന്ന്‌ സംരക്ഷിക്കാനുള്ള ഇടപെടല്‍ കൂടിയാണ്‌ ഇത്‌. ഈ പ്രവര്‍ത്തനവുമായി നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഐക്യപ്പെടണമെന്ന്‌ സി.പി.ഐ (എം) സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button