Kerala

പി.എസ്.സി പരീക്ഷയില്‍ നിന്ന് മലയാളത്തെ ഒഴിവാക്കിയതിനെതിരെ കോടിയേരി

തിരുവനന്തപുരം: സര്‍വ്വകലാശാലാ അസിസ്റ്റന്റ്‌ നിയമനത്തിനുള്ള പരീക്ഷയില്‍നിന്ന്‌ മലയാളത്തെ ഒഴിവാക്കിയ പി.എസ്‌.സിയുടെ നടപടി അടിയന്തരമായി തിരുത്തണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.

സര്‍വ്വകലാശാലാ അസിസ്റ്റന്റ്‌ പരീക്ഷയ്‌ക്ക്‌ മലയാളം ഒരു വിഷയമാക്കി 10 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍, മലയാളത്തെ മാറ്റി സാമൂഹ്യക്ഷേമപദ്ധതികള്‍ എന്ന വിഷയം ചേര്‍ത്ത്‌ മലയാളത്തെ ഒഴിവാക്കുന്ന സ്ഥിതി അടുത്തകാലത്തുണ്ടായി. ഇത്തരം നടപടിക്കെതിരെ നിയമസഭാ ഔദ്യോഗിക ഭാഷാസമിതി തന്നെ രംഗത്തുവന്നിരുന്നു. എതിര്‍പ്പ്‌ ശക്തമായ സാഹചര്യത്തില്‍ മലയാളത്തെ ഉള്‍പ്പെടുത്തുമെന്ന്‌ പി.എസ്‌.സി ചെയര്‍മാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്‌.

മലയാള ഭാഷയുടെ കാര്യത്തില്‍ പി.എസ്‌.സി ചെയര്‍മാന്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചുകൊണ്ട്‌ മലയാളത്തെ ഒഴിവാക്കിയുള്ള പാഠ്യപദ്ധതിയാണ്‌ ഇപ്പോള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുകാണുന്നത്‌. സമീപകാലത്ത്‌ ബിരുദ യോഗ്യതയായുള്ള പി.എസ്‌.സി പരീക്ഷയുടെ നിയമന പരീക്ഷകളിലെല്ലാം മലയാളത്തെ അവഗണിക്കുന്ന സ്ഥിതി ഉണ്ടെന്ന പരാതിയും വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഭരണഭാഷ മലയാളമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലയാളത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനു പകരം മാതൃഭാഷയെ ഒഴിവാക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

പി.എസ്‌.സി പരീക്ഷയ്‌ക്ക്‌ മലയാളം ഉള്‍പ്പെടുത്തുമ്പോള്‍ ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളും പരിഗണിക്കേണ്ടതുണ്ട്‌. നേരത്തെ ഉണ്ടായിരുന്നതുപോലെ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക്‌ അതാത്‌ ഭാഷയിലുള്ള ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കണമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button