ന്യൂഡല്‍ഹി: പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളിന്മേല്‍ പരമാവധി 60 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇപ്പോള്‍ കെട്ടിക്കിടക്കുന്ന പരാതികളിന്മേല്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം. എല്ലാ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യം കര്‍ശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പരാതി പരിഹരിക്കലാനെന്നു മോദി ഓര്‍മിപ്പിച്ചു.
ജനങ്ങള്‍ക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ സഹായം എത്തിച്ചുകൊടുക്കുന്ന പദ്ധതികള്‍ എത്രത്തോളം വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞുവെന്നു ജില്ലതോറും പരിശോധന നടത്തണം. ഏതെല്ലാം പദ്ധതികളുടെ പ്രയോജനം എത്രപേര്‍ക്കു ലഭിക്കുന്നുവെന്നും കൃത്യമായി കണക്കാക്കണം.
ഡിജിറ്റല്‍ ഇന്ത്യയുടെ കീഴില്‍ വരുന്ന മിഷന്‍ മോഡ് പദ്ധതികളും ഭൂരേഖകള്‍ ഡിജിറ്റല്‍ ആക്കുന്നതിന്‍റെ പുരോഗതിയും വിലയിരുത്തണം, ആധാറുമായി ഇവ ബന്ധപ്പെടുത്തുന്ന പ്രക്രിയ പൂര്‍ത്തിയാക്കണം. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന നന്നായി നടപ്പാക്കാന്‍ ഇതാവശ്യമാണ്.
പത്തു സംസ്ഥാനങ്ങളിലെ റോഡ്, റയില്‍, ഊര്‍ജ പദ്ധതികളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. വിധവാ പെന്‍ഷന്‍, കുഷ്ഠരോഗ നിര്‍മാര്‍ജനം തുടങ്ങിയ പദ്ധതികളും വിലയിരുത്തി.
Post Your Comments