തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തേയും രാജ്യത്തെ ചുരുക്കം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒന്നുമായ തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ ഭാവിയിലെ വികസന സാധ്യതകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ണമായും അട്ടിമറിച്ചതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വിമാനത്താവളത്തിന് സമീപം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് കൊടുക്കുകവഴിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിമാനത്താവളത്തിന്റെ വികസന സാദ്ധ്യതകള്‍ പൂര്‍ണമായും അടച്ചിരിക്കുന്നതെന്ന് വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
മാര്‍ച്ച് 4–ന് ചേര്‍ന്ന അവസാന മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ട മറ്റു നിരവധി നിയമവിരുദ്ധ തീരുമാനങ്ങളുടെ കൂട്ടത്തിലാണ് ഈ തീരുമാനവും കൈക്കൊണ്ടിട്ടുള്ളത്. ഇതുവഴി വികസന സാദ്ധ്യതകള്‍ അട്ടിമറിച്ചുവെന്ന് മാത്രമല്ല ഇത്തരം ബഹുനില കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത് അപകട സാധ്യതയും വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും വി.എസ് ചൂണ്ടിക്കാട്ടി.
ഈ കെട്ടിടങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ റദ്ദാണമെന്നും അപകടസാധ്യതയുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ ഇതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ശക്തമായി ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു.
1934–ലെ കേന്ദ്ര എയര്‍ക്രാഫ്റ്റ് ആക്ടിന്റെ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ വിമാനത്താവളത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ കെട്ടിട നിര്‍മാണം പാടുള്ളൂ. ഇതു സംബന്ധിച്ച് 14–01–2010–ല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിക്കുന്ന കെട്ടിടങ്ങള്‍ ഇടിച്ചു കളയാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് അധികാരവുമുണ്ട്. എന്നാല്‍ ഈ വിജ്ഞാപനത്തിലെ നിയന്ത്രണങ്ങള്‍ 14–01–2010–ന് ശേഷമാണ് പ്രാബല്യത്തില്‍ വന്നതെന്ന സാങ്കേതികത്വം പറഞ്ഞാണ് ഇപ്പോള്‍ ഈ പ്രദേശത്തെ ബഹുനില കെട്ടിടങ്ങള്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
Post Your Comments