InternationalGulf

ഫ്ലൈ ദുബായ് വിമാന ദുരന്തം; പൈലറ്റുമാരുടെ അവസാന സംഭാഷണം പുറത്ത്

റോസ്തോവ്-ഓണ്‍-ഡോണ്‍ (റഷ്യ) ● റഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവേ തകര്‍ന്ന് വീണ ഫ്ലൈ ദുബായ് വിമാനത്തിലെ പൈലറ്റുമാരുടെ അവസാന സംഭാഷണം പുറത്ത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടേപ്പില്‍ നിന്നുള്ളതെന്ന് കരുതുന്ന ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പുറത്തുവന്നത്.

സാധാരണമായി സംസാരിക്കുന്നത് പോലെയാണ് വിമാനം ലാന്‍ഡ് ചെയ്യാന്‍ കാലാവസ്ഥ അനുകൂലമാണോയെന്ന് പൈലറ്റുമാര്‍ എ.ടി.സിയോട് ചോദിക്കുന്നത്. റണ്‍വേയുടെ ദൃശ്യതയെ കുറിച്ച് ആവര്‍ത്തിച്ച്‌ ചോദിക്കുന്ന പൈലറ്റുമാര്‍ അഞ്ച് കിലോമീറ്ററിനുള്ളിലാണെന്നും പറയുന്നതും കേള്‍ക്കാം.

സൈപ്രസുകാരനായ അരിസ്റ്റോസ് സോക്രട്ടോസും സഹ-പൈലറ്റ്‌ സ്പെയിന്‍കാരനായ അലെജന്‍ഡ്രോ അലവ ക്രൂസും ചേര്‍ന്നാണ് വിമാനം പറത്തിയിരുന്നത്.

ഇംഗ്ലീഷിലും റഷ്യനിലുമുള്ള സംഭാഷണത്തില്‍ കാലാവസ്ഥയില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് പൈലറ്റുമാര്‍ ചോദിക്കുന്നതും താഴെ നിന്ന് അവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതും കേള്‍ക്കാം.

സംഭാഷണത്തില്‍ നിന്ന് പൈലറ്റുമാര്‍ക്ക് യാതൊരുവിധ ഭീതിയും ഉള്ളതായി കാണാന്‍ കഴിയില്ല. എന്നാല്‍ വിമാനം 2000 അടിയിലേക്ക് താഴുമ്പോള്‍ അവര്‍ വിക്ഷോഭിക്കുന്നുണ്ട്.

ഏഴു ജീവനക്കാര്‍ ഉള്‍പ്പടെ 62 പേരുമായി ദുബായില്‍ നിന്നും റഷ്യയിലേക്ക് പോയ ‘ഫ്ലൈ ദുബായ് FZ981’ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 4 കുട്ടികളും 33 സ്ത്രീകളും 18 പുരുഷന്മാരും ജീവനക്കാരും ഉള്‍പ്പടെ എല്ലാവരും കൊല്ലപ്പെട്ടിരുന്നു.

റഷ്യക്കാരായിരുന്നു യാത്രക്കാരില്‍ ഭൂരിപക്ഷവും ഇവരെകൂടാതെ 8 ഉക്രൈനികളും രണ്ട് ഇന്ത്യക്കാരും ഒരു ഉസ്ബെക്കിസ്ഥാനിയും വിമാനത്തിലുണ്ടായിരുന്നു.

പെരുമ്പാവൂര്‍ സ്വദേശികളായ ദാമ്പതികള്‍ ശ്യാം മോഹനും അഞ്ജുവുമാണ് മരിച്ച ഇന്ത്യക്കാര്‍.

malayali couples
അപകടത്തില്‍ മരിച്ച മലയാളി ദമ്പതികള്‍

ആദ്യം ലാന്‍ഡിംഗിന് ശ്രമിച്ച് പരാജയപ്പെട്ട വിമാനം രണ്ടു മണിക്കൂറിനു ശേഷം വീണ്ടും ലാന്‍ഡിംഗിന് ശ്രമിക്കുമ്പോള്‍ ചിറക് റണ്‍വേയ്ക്ക് സമീപം തറയിലിടിച്ച് വിമാനം അഗ്നിഗോളമായി മാറുകയായിരുന്നു.

shortlink

Post Your Comments


Back to top button