മനാമ: ദുര്‍ഗന്ധമുണ്ടാക്കുന്നതോ, ശബ്ദംകൊണ്ട് ശല്യപ്പെടുത്തുന്നതോ, ആക്രമണകാരികളോ ആയ വളര്‍ത്തുമൃഗങ്ങളുടെ ഉടമള്‍ക്കെതിരെ പിഴ ചുമത്താന്‍ തീരുമാനം. ഇതുസംബന്ധിച്ച് മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ നിര്‍ദേശം വര്‍ക്‌സ്, മുന്‍സിപ്പാലിറ്റീസ് ആ്ന്റ് അര്‍ബന്‍ പ്‌ളാനിങ് മന്ത്രാലയം അംഗീകരിച്ചെന്നും ഇത് രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധകരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ പൊലീസ് ഇടപെടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. എല്ലാവര്‍ക്കും മൃഗങ്ങളെയും പക്ഷികളെയും വീട്ടില്‍ വളര്‍ത്താന്‍ അവകാശമുണ്ടെന്നും എന്നാല്‍ ചില സമയങ്ങളില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണുള്ളതെന്നും ഈ നിര്‍ദേശം മുന്നോട്ട് വച്ച കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സിനാന്‍ പറഞ്ഞു.
ബഹ്‌റൈനിലുള്ളവര്‍ അടുത്തടുത്ത് താമസിക്കുന്നവരായതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ അയല്‍ക്കാര്‍ക്ക് ശല്യമായി തീരുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നായ്ക്കളുടെ നിര്‍ത്താതുള്ള കുരക്കല്‍ മൂലം ഉറക്കം നഷ്ടപ്പെടുക, പക്ഷികളുടെ കൂട്ടില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധമുയരുക എന്നിവയൊന്നും സഹിക്കാനാകുന്ന കാര്യമല്ല. മറ്റുള്ളവര്‍ക്ക് ശല്യമാകാത്ത വിധം മൃഗങ്ങളെയോ പക്ഷികളെയോ വളര്‍ത്തുന്നത് ആര്‍ക്കും പ്രശ്‌നമുള്ള കാര്യമല്ല. പുതിയ മുന്‍സിപ്പല്‍ ചട്ടം മൃഗങ്ങളെ വളര്‍ത്തുന്നത് നിരോധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് സ്വന്തം താല്‍പര്യ പ്രകാരം നായ്കളെയോ, പൂച്ചയെയോ, പ്രാവിനെയോ, കോഴിയേയോ, മുയലിനേയോ മറ്റേതെങ്കിലും ജീവികളേയോ വളര്‍ത്താം. എന്നാല്‍ പരാതി ലഭിച്ചാല്‍ മുന്‍സിപ്പല്‍ ഇന്‍സ്‌പെകടര്‍മാര്‍ പരിശോധിച്ച് നിജസ്ഥിതി വിലയിരുത്തുകയും ആവശ്യമെങ്കില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.
Post Your Comments