ഗാന്ധിനഗര്‍ ● പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്കോട്ട് കലക്ട്രേറ്റ് ഉപരോധിച്ച ഗോ സംരക്ഷണ സമിതി പ്രവര്ത്തകന് കീടനാശിനി കഴിച്ച് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് ഗുജറാത്ത് നിയമസഭയില്‍ വിഷയമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തിയത്.
പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറാവുകയാണെങ്കില്‍ അതിനെ തന്റെ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് ശങ്കര്‍ സിംഗ് വഗേല പറഞ്ഞു. വിഷയം ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് സ്പീക്കര്‍ വിലക്കിയതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍നിന്ന് വാക്കൗട്ട് നടത്തി.
ചോദ്യവേളയ്ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് ചീഫ് വിപ്പ് ബല്‍വന്ത് സിംഗ് രാജ്പുത് വിഷയം സഭയില്‍ ഉന്നയിച്ചത്. ശൂന്യ വേളയില്‍ ഗോരക്ഷാ എക്താ സമിതി പ്രവര്ത്തകന് ആത്മഹത്യ ചെയ്ത കാര്യവും പ്രതിഷേധ സൂചകമായി മറ്റ് ഏഴുപേര്‍ വിഷം കഴിച്ച കാര്യവും കോണ്‍ഗ്രസ് സഭയില്‍ ഉന്നയിച്ചു. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് സ്പീക്കര്‍ വിലക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് വാക്കൌട്ട് നടത്തുകയായിരുന്നു. അവകാശ പ്രവര്ത്തകന് ആത്മഹത്യ ചെയ്തത് ഗുരുതരമായ പ്രശ്നമാണെന്നും ഇത് ആവര്‍ത്തിക്കുന്നതിന് മുമ്പ് പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്നും മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിപക്ഷം സഭ വിട്ടത്.
അതേസമയം, രാജ്കോട്ട് കലക്ട്രേറ്റ് ഉപരോധിക്കുന്നതിനിടെ കീടനാശിനി കഴിച്ച് മരിച്ച ഹിന്ദാഭായ് വംബാഡിയുടെ മൃതദേഹം ഒടുവില്‍ ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായി. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കലക്ടര്‍ ഉറപ്പു എഴുതി നല്കിയ ശേഷമാണു ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്.
Post Your Comments