തിരുവനന്തപുരം: ജന്മനാ കേള്‍വിശക്തി ഇല്ലാത്തവര്‍ക്ക് കേള്‍വിയും സംസാരവും സാധ്യമാകുന്ന കോക്ലിയര്‍ ഇംപ്ലാന്റ് ചികിത്സയുമായി മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി. വിഭാഗം. ഒരു വയസു മുതല്‍ 3 വയസിന് താഴെയുള്ള കുട്ടികളിലാണ് ഈ ഓപ്പറേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുന്നത്. രണ്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്, ഓപ്പറേഷനാവശ്യമായ 5 ലക്ഷം രൂപ വിലയുള്ള കോക്ലിയര്‍ ഇംപ്ലാന്റ് ഉപകരണം തികച്ചും സൗജന്യമായി നല്‍കുന്നു. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വഴിയാണ് ഈ സൗജന്യ സേവനം നല്‍കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താത്പര്യ പ്രകാരം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ നേതൃത്വത്തിലാണ് കോക്ലിയര്‍ ഇംപ്ലാന്റ് ചികിത്സ മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയത്.
പാരമ്പര്യം, പ്രസവാനന്തരമുള്ള മെനിഞ്ചൈറ്റിസ്, ഗര്‍ഭകാലത്തെ അണുബാധകള്‍ എന്നിവയും മറ്റ് ചില കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ക്ക് ജന്മനാ കേള്‍വിശക്തി നഷ്ടപ്പെടാം. ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ ക്രമേണ ശബ്ദത്തിനനുസരിച്ച് പ്രതികരിക്കാതെ വരികയോ സംസാരശേഷി വൈകുകയോ ചെയ്താല്‍ ആ കുഞ്ഞിനെ കേള്‍വി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഓഡിയോളജി ടെസ്റ്റ് എന്ന ആധുനിക പരിശോധനയിലൂടെ കേള്‍വിയുടെ തോത് പരിശോധിക്കാവുന്നതാണ്. ആന്തരിക കര്‍ണത്തിന്റെ തകരാറുമൂലം 71 ഡെസിബിലിന് മുകളില്‍ കേള്‍വിക്കുറവുള്ള കുട്ടികള്‍ക്ക് ശ്രവണ സഹായികൊണ്ടും പ്രയോജനം ഇല്ലെങ്കിലാണ് കോക്ലിയര്‍ ഇംപ്ലാന്റ് ചികിത്സ നല്‍കുന്നത്.
തലച്ചോറിനും അനുബന്ധ ഞരമ്പിനും തകരാറില്ലായെന്ന് സി.ടി., എം.ആര്‍.ഐ. സ്‌കാന്‍ എന്നിവയിലൂടെ ഉറപ്പുവരുത്തിയതിന് ശേഷമാണ് ഓപ്പറേഷന്‍ നടത്തുന്നത്. ദൈനംദിന ശബ്ദങ്ങളെ തിരിച്ചറിഞ്ഞ് കേള്‍വിശക്തി വീണ്ടെടുക്കാന്‍ കഴിയുന്ന കോക്ലിയര്‍ ഇംപ്ലാന്റ് ആന്തരിക കര്‍ണത്തില്‍ (കോക്ലിയ) ഓപ്പറേഷനിലൂടെ ഘടിപ്പിക്കുന്നു. മുറിവുണങ്ങിയ ശേഷം ചെവിക്ക് പിന്നില്‍ കാന്തത്തിന്റെ സഹായത്താല്‍ ഒരു സ്പീച്ച് പ്രോസസര്‍ ഘടിപ്പിച്ച് കമ്പ്യൂട്ടര്‍ സഹായത്തോടെ പ്രോഗ്രാമിംഗ് ചെയ്താണ് ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നത്.
കേള്‍വിയോടൊപ്പം സംസാരശേഷി വീണ്ടെടുക്കുന്നതിനായി കൃത്യമായി ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി (എ.വി.ടി.) ചെയ്യേണ്ടതാണ്. ഇതിനായി വിദഗ്ധരുടെ സേവനവും ഇവിടെ ലഭ്യമാണ്. വളരെ ചെറുപ്പത്തിലേ കേള്‍വിക്കുറവ് കണ്ടുപിടിച്ച് കോക്ലിയര്‍ ഇംപ്ലാന്റ് ചികിത്സയും ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിയും നല്‍കിയാല്‍ സാധാരണ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഇവര്‍ക്കും വിദ്യാഭ്യാസം സാധ്യമാക്കാം.
2012 മുതല്‍ മെഡിക്കല്‍ കോളേജില്‍ ഈ ചികിത്സ ലഭ്യമാണ്. ഇ.എന്‍.ടി. വിഭാഗം മേധാവി ഡോ. പി.ആര്‍. ഷൈല, അഡീഷണല്‍ പ്രൊഫസര്‍ ഡോ. എം. വേണുഗോപാല്‍, ഡോ. സുനില്‍ കുമാര്‍ കെ. പി., ഡോ. മനോജ് ജി., ഓഡിയോളജി അസി. പ്രൊഫസര്‍ ചിപ്പി, പ്രലീമ, ബൈജു, ലാവണ്യ, ക്രിസ്റ്റീന എന്നിവരാണ് ഈ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.
Post Your Comments